ലണ്ടന്‍: ഇറാനിലുള്ള ബ്രിട്ടിഷ് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്രിട്ടന്‍. ബ്രിട്ടിഷ് പൗരന്മാര്‍ പേരും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടെ ബ്രിട്ടിഷ് സര്‍ക്കാര്‍ ലഭ്യമാക്കുന്ന പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സഹായം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ ബ്രിട്ടീഷ് പൗരന്മാര്‍ ഇറാനിലെ ഏതൊക്കെ മേഖലകളില്‍ ഉണ്ടെന്ന് വ്യക്തത വരുത്തുന്നതിനാണിത്. പേരും മറ്റു വിവരങ്ങളും റജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേക സംവിധാനം തയാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കിയേര്‍ സ്റ്റാമെര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിര്‍ദേശം നല്‍കിയത്.
പ്രദേശിക അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറിന്റെ വക്താവ് ഇറാനിലുള്ള ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇസ്രയേലില്‍ നിന്ന് കരമാര്‍ഗം ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലൂടെ മടങ്ങുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കാന്‍ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വിദേശകാര്യ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.