കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ തടയണം; ഗൂഗിളിനോടും ആപ്പിളിനോടും കർശന നിർദ്ദേശവുമായി ബ്രിട്ടൻ

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി ബ്രിട്ടൻ ഇതിനകം തന്നെ 'ഓൺലൈൻ സേഫ്റ്റി ആക്ട്' പോലുള്ള ശക്തമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്

കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ തടയണം; ഗൂഗിളിനോടും ആപ്പിളിനോടും കർശന നിർദ്ദേശവുമായി ബ്രിട്ടൻ
കുട്ടികളുടെ ഫോണുകളിൽ നഗ്നചിത്രങ്ങൾ തടയണം; ഗൂഗിളിനോടും ആപ്പിളിനോടും കർശന നിർദ്ദേശവുമായി ബ്രിട്ടൻ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി, സ്മാർട്ട്‌ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും നഗ്നചിത്രങ്ങൾ കാണുന്നതും അയക്കുന്നതും തടയാൻ നടപടി സ്വീകരിക്കണമെന്ന് ഗൂഗിളിനോടും ആപ്പിളിനോടും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ലണ്ടൻ ടെക് വീക്കിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

18 വയസ്സിന് താഴെയുള്ളവരുടെ ഉപകരണങ്ങളിൽ നഗ്നചിത്രങ്ങൾ തടയുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഫോണുകളിൽ തന്നെ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിനായി ഫോണുകളിൽ നിലവിലുള്ള ഫീച്ചറുകൾ പ്രവർത്തനക്ഷമമാക്കുകയോ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയോ വേണം. ബ്രിട്ടനിൽ വിൽക്കുന്ന എല്ലാ പുതിയ ഉപകരണങ്ങൾക്കും നിലവിലുള്ളവയ്ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. മൂന്ന് മാസത്തിനുള്ളിൽ കമ്പനികൾ സ്വമേധയാ ഇത് നടപ്പിലാക്കിയില്ലെങ്കിൽ, നിയമനിർമ്മാണത്തിലൂടെ കമ്പനികളെ നിർബന്ധിതരാക്കുമെന്ന് സ്റ്റാർമർ മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് പിഴയും കടുത്ത നിയമനടപടികളും നേരിടേണ്ടി വരും. ഈ നിയന്ത്രണം കുട്ടികളുടെ ഉപകരണങ്ങൾക്ക് മാത്രമായിരിക്കും ബാധകമാകുകയെന്നും മുതിർന്നവരുടെ ഡിവൈസുകളെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത; ഒരേ ഫോണിൽ ഇനി രണ്ട് വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ!

കമ്പനികളുടെ പ്രതികരണത്തിൽ, കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ തങ്ങൾ പ്രതിബദ്ധരാണെന്ന് ഗൂഗിൾ വക്താവ് അറിയിച്ചു. സ്വകാര്യത മാനിച്ചുകൊണ്ട് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി. ആപ്പിൾ ഇതിനകം തന്നെ കമ്മ്യൂണിക്കേഷൻ സേഫ്റ്റി ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. കുട്ടികൾ നഗ്‌നചിത്രങ്ങൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്താൽ മുന്നറിയിപ്പ് നൽകുന്ന ടൂളുകൾ ആപ്പിൾ ഫോണുകളിൽ ഇതിനകം ലഭ്യമാണ്. 18 വയസ്സിൽ താഴെയുള്ളവരുടെ ചൈൽഡ് അക്കൗണ്ടുകളിൽ ഈ സേവനം ഡിഫോൾട്ടായി പ്രവർത്തിക്കുന്നുണ്ട്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി ബ്രിട്ടൻ ഇതിനകം തന്നെ ‘ഓൺലൈൻ സേഫ്റ്റി ആക്ട്’ പോലുള്ള ശക്തമായ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. മീഡിയ റെഗുലേറ്ററായ ‘ഓഫ്‌കോം’ വഴിയാണ് ഇത്തരം നിയമങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്തുന്നത്. നൂതന സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾക്ക് ഈ വെല്ലുവിളി പരിഹരിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top