വിദേശ പഠനത്തിനായി പുറപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ കാഴ്ചപ്പാടിൽ വൻ മാറ്റം വന്നിരിക്കുന്നുവെന്ന് ‘അപ്ഗ്രേഡ്’ പുറത്തുവിട്ട ‘ട്രാൻസ്‌നാഷണൽ എഡ്യൂക്കേഷൻ റിപ്പോർട്ട് 2026’ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ യൂണിവേഴ്‌സിറ്റികളുടെ ഗ്ലോബൽ റാങ്കിങ്ങിന് മാത്രം മുൻഗണന നൽകിയിരുന്ന സ്ഥാനത്ത്, ‘ഈ ഡിഗ്രി നേടിയാൽ എനിക്ക് എന്ത് കരിയർ നേട്ടമുണ്ടാകും’ എന്ന ചിന്തയാണ് പുതിയ തലമുറ മുന്നോട്ട് വെക്കുന്നത്.
53,800 വിദ്യാർഥികളിൽ നടത്തിയ സർവേ പ്രകാരം, 2025 ജനുവരി മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ അപ്ഗ്രേഡ് വഴി വിദേശത്തുപോയവരിൽ 51 ശതമാനവും ജർമ്മനിയെയാണ് തെരഞ്ഞെടുത്തത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പരമ്പരാഗത ഡെസ്റ്റിനേഷനുകൾക്കൊപ്പം ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് താൽപര്യം മാറാൻ 49 ശതമാനം പേരും ചൂണ്ടിക്കാണിച്ചത് മെച്ചപ്പെട്ട തൊഴിൽ സാധ്യതകളാണ്.
പത്തിൽ ഏഴ് വിദ്യാർഥികളും 30 ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റാണ് ലക്ഷ്യമിടുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിൽ 73 ശതമാനത്തിലധികം പേർ മാസ്റ്റേഴ്സ് പഠനത്തിന് താൽപര്യപ്പെടുമ്പോൾ 65.8 ശതമാനവും ഫ്രഷേഴ്സാണ്. അമേരിക്കയിലും ബ്രിട്ടനിലും കാനഡയിലും ഉയർന്നുവന്ന പഠനച്ചെലവും കർശനമായ കുടിയേറ്റ നയങ്ങളുമാണ് കുറഞ്ഞ ചെലവിൽ മികച്ച തൊഴിൽ റിട്ടേൺ നൽകുന്ന യൂറോപ്യൻ, നോൺ-ട്രഡീഷണൽ ഹബ്ബുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നത്.
കോഴ്സ് തിരഞ്ഞെടുപ്പിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഭാവികാല ടെക്നോളജി വിഷയങ്ങൾക്ക് വൻ ഡിമാൻഡാണുള്ളത്. വിദേശ ഡിഗ്രി കേവലം ഒരു അക്കാദമിക് സർട്ടിഫിക്കറ്റ് എന്നതിലുപരി, ആഗോള വിപണിയിൽ പെട്ടെന്ന് തൊഴിൽ ഉറപ്പിക്കാനുള്ള തന്ത്രപരമായ നിക്ഷേപമായി വിദ്യാർഥികൾ മാറ്റിയിരിക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






