ചണ്ഡീഗഢ്: വിനേഷ് ഫോഗട്ടിന്റെ വിജയത്തേയും കോൺഗ്രസിന്റെ പരാജയത്തേയും ആക്ഷേപിച്ച് ബ്രിജ് ഭൂഷൺ ശരൺ സിങ്. വിനേഷ് ഫോഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു. എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോഗട്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, ‘ജാട്ട്’ ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായും ചൂണ്ടിക്കാട്ടി.
“പ്രതിഷേധക്കാരായ ഗുസ്തി താരങ്ങളല്ല ഹരിയാണയുടെ യഥാർത്ഥ നായകന്മാർ. അവർ പിൻമുറക്കാരായ ഗുസ്തി താരങ്ങൾക്ക് വില്ലന്മാർകൂടിയാണ്. വിജയിക്കാൻ വിനേഷ് ഫോഗട്ട് എന്റെ പേരുപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാനെന്നാണ്. അവർ വിജയിച്ചു. പക്ഷേ കോൺഗ്രസ് തോറ്റു. എവിടെ പോയാലും നാശം പടർത്തുന്നവരാണ് അവർ. കൃഷിക്കാരുടേയും ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ ഒരുപാട് ശ്രമങ്ങൾ നടന്നു. എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങൾ ഏറ്റെടുത്തു.” ബ്രിജ് ഭൂഷൺ പറഞ്ഞു.