കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ നാളെയിറങ്ങും. രാവിലെ ആറരയ്ക്ക് തുടങ്ങുന്ന കളിയില്‍ കൊളംബിയയാണ് എതിരാളികള്‍. തോല്‍ക്കാന്‍ മടിയുള്ള കൊളംബിയക്കെതിരെ ഇത്തവണ കോപ്പയില്‍ ജയിക്കാന്‍ പാടുപെടുന്ന ബ്രസീല്‍ ഇറങ്ങുകയാണ്. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ച കൊളംബിയയാണ് രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ഓരോ ജയവും സമനിലയുമുള്ള ബ്രസീല്‍ നാല് പോയിന്റുമായി രണ്ടാമതും നില്‍ക്കുന്നു. കൊളംബിയക്കെതിരെ സമനില നേടിയാലും കോസ്റ്റാറിക്ക-പരാഗ്വേ മത്സരഫലം നോക്കാതെ ബ്രസീലിന് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിക്കാം. ജയം മാത്രമാണ് ലക്ഷ്യമെന്ന് ബ്രസീല്‍ കോച്ച് ഡോറിവാള്‍ ജൂനിയര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
പരാഗ്വേയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസവുമായി ഇറങ്ങുന്ന ബ്രസീല്‍ നിരയില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. വിനീഷ്യസ് ജൂനിയര്‍, എഡര്‍ മിലിറ്റാവോ, വെന്‍ഡെല്‍ എന്നിവര്‍ സസ്‌പെന്‍ഷന്‍ ഭീഷണിയിലായതും ആശങ്കയാകുന്നു. യുവതാരം എന്‍ഡ്രിക്കിനെ ആദ്യ ഇലവനില്‍ പരീക്ഷിക്കാന്‍ സാധ്യതയേറെ. മുമ്പ് ഇരു ടീമും ഏറ്റുമുട്ടിയത് മുപ്പത്തിയാറ് കളിയിലെങ്കില്‍ ബ്രസീല്‍ ഇരുപത്തിയൊന്നിലും കൊളംബിയ പതിനൊന്നിലും ജയിച്ചു. നാല് കളി സമനിലയില്‍ പിരിഞ്ഞു. അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളിന് ജയം കൊളംബിയയ്‌ക്കൊപ്പം നിന്നു.
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരെ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ ഫോമിലുള്ള ഉറുഗ്വേയാണ്. ഈ വെല്ലുവിളി ഒഴിവാക്കാന്‍ കൊളംബിയയെ തോല്‍പിക്കുകയല്ലാതെ ബ്രസീലിന് മുന്നില്‍ മറ്റുവഴികളില്ല. പക്ഷേ ഇതത്ര എളുപ്പവുമല്ല. അവസാന പത്ത് കളിയും ജയിച്ച കൊളംബിയ 2022ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിന് ശേഷമുള്ള 25 കളിയിലും തോല്‍വിയറഞ്ഞിട്ടില്ല. അര്‍ജന്റൈന്‍ കോച്ച് നെസ്റ്റോര്‍ ലോറന്‍സോയുടെ തന്ത്രങ്ങളുടെ കരുത്തിലാണ് കൊളംബിയന്‍ മുന്നേറ്റം.