പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിസൈല്‍ വര്‍ഷം ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ സൈനിക നീക്കമായിരുന്നു. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാക്കിസ്ഥാനെതിരായ സൈനിക നീക്കത്തിലൂടെ സാധിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കിയ ആയുധങ്ങളിലൊന്നായിരുന്നു ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍. പ്രതിരോധത്തില്‍ ഇന്ത്യയുടെ മുഖമായി മാറിയ ബ്രഹ്മോസ് മിസൈലിനായി കൂടുതല്‍ രാജ്യങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ആയുധ വ്യാപാരത്തില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തുന്നത്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, ബ്രസീല്‍, ഈജിപ്ത് എന്നിങ്ങനെ 17 രാജ്യങ്ങളാണ് ആവശ്യക്കാരായി മുന്നിലുള്ളത്. റഷ്യയുമായി സഹകരിച്ചാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ വികസിപ്പിച്ചത്. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍പിഒയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്.
Also Read: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ, ഞെട്ടിച്ച് അമേരിക്കയും സൗദിയും
ബ്രഹ്‌മോസ് ഒരു ദീര്‍ഘദൂര റാംജെറ്റ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലാണ്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയീസ് മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍വാഹിനികള്‍, കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന പൈലറ്റില്ലാത്ത വിമാനം പോലെയാണ് ബ്രഹ്‌മോസ്. ബ്രഹ്‌മോസുള്‍പ്പടെയുള്ളവയുടെ ആഘാതം പാക്കിസ്ഥാന്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നന്നായി അറിഞ്ഞിരുന്നു. കൃത്യതയും പ്രഹരശേഷിയുമാണ് ബ്രഹ്‌മോസിന്റെ കരുത്ത്. കരയിലും കടലിലും ആകാശത്തു നിന്നും ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ വര്‍ഷിക്കാന്‍ സാധിക്കുന്നതാണ് ബ്രഹ്‌മോസ് മിസൈല്‍.

ഒരു തവണ ലക്ഷ്യസ്ഥാനം സെറ്റ് ചെയ്താല്‍ പിന്നീട് ഒരു തരത്തിലുള്ള ക്രമീകരണങ്ങളും നടത്തേണ്ടതില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും ഈ മിസൈല്‍ തൊടുക്കാനാകും. 290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും ബ്രഹ്‌മോസിന് സാധിക്കും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ബ്രഹ്‌മോസ് മിസൈല്‍ കയറ്റുമതി വിപുലപ്പെടുത്താനായി ഇന്ത്യ സംയോജന പരീക്ഷണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബ്രഹ്‌മപുത്ര, റഷ്യയിലെ മോസ്‌കവ എന്നീ രണ്ട് നദികളുടെ പേരുകളില്‍ നിന്നാണ് ബ്രഹ്‌മോസ് എന്ന നാമം ലഭിച്ചത്.
ഉത്തര്‍പ്രദേശില്‍ പ്രതിരോധ ഇടനാഴിയുടെ ഭാഗമായി പുതിയ റിസര്‍ച്ച് കേന്ദ്രം ഇന്ത്യ തുടങ്ങിയിട്ടുണ്ട്. ലഖ്‌നൗ, കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് പുതിയ ബ്രഹ്‌മോസ് അനുബന്ധ യൂണിറ്റ് തുടങ്ങിയിരിക്കുന്നത്. ലഖ്‌നൗവിലെ ടെസ്റ്റിംഗ് സെന്ററില്‍ പ്രതിവര്‍ഷം 80 മുതല്‍ 100 സൂപ്പര്‍സോണിക് ബ്രഹ്‌മോസ് നിര്‍മിക്കാനുള്ള ശേഷിയുണ്ട്. 2001ലാണ് ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. പിന്നീട് പലതലങ്ങളിലായി നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും പ്രഹരശേഷിയുള്ള തലത്തിലേക്ക് വളര്‍ന്നത്. ഫിലിപ്പീന്‍സാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 375 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ആദ്യ ബാച്ച് ഇന്ത്യ കൈമാറിയിരുന്നു.ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ബ്രഹ്‌മോസിനായി വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും ബ്രഹ്‌മോസിനായി സമീപിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്സണ്‍ സമീര്‍ വി കമ്മത്ത് വെളിപ്പെടുത്തി.

ബ്രഹ്‌മോസ് മിസൈലുകള്‍ക്കായി 3800 കോടി രൂപയുടെ കരാറിനുള്ള ചര്‍ച്ചകളാണ് ഇന്തോനേഷ്യയുമായി നടക്കുന്നത്. സൈന്യത്തിനും നേവിക്കും ഉപയോഗിക്കാനുള്ള ബ്രഹ്‌മോസ് മിസൈലുകളാണ് വിയറ്റ്‌നാം ഇന്ത്യയില്‍ നിന്നും വാങ്ങാനൊരുങ്ങുന്നത്. 700 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. സുഖോയ് സു-30എംകെഎം യുദ്ധവിമാനങ്ങള്‍ക്കും കെഡ ക്ലാസ് യുദ്ധക്കപ്പലുകള്‍ക്കും ഉപയോഗിക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകള്‍ക്കാണ് മലേഷ്യ ചര്‍ച്ച നടത്തുന്നത്. തായ്ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്. ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാനായി രംഗത്തുണ്ട്. ആയുധങ്ങള്‍ വാങ്ങിയിരുന്ന രാജ്യത്തില്‍ നിന്ന് ആയുധ കയറ്റുമതിക്കാരിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നതിന്റെ തെളിവായി ഇതിനെ കാണാം.
അതെസമയം, ഡ്രോണുകളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ‘ഭാര്‍ഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പാക് ഭീഷണിയെ നേരിടാന്‍ തദ്ദേശീയ ഡ്രോണ്‍ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതില്‍ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതിന് ഒരു പ്രധാന ഉദാഹരണമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ-മിസൈല്‍ സംവിധാനമായ ‘ഭാര്‍ഗവാസ്ത്ര’. ഒഡിഷയിലെ ഗോപാല്‍പുരിലുള്ള സീവാര്‍ഡ് ഫയറിങ് റെയ്ഞ്ചില്‍ നിന്നായിരുന്നു ‘ഭാര്‍ഗവാസ്ത്ര’യുടെ പരീക്ഷണം. സോളര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (എസ്ഡിഎഎല്‍) ആണ് ഭാര്‍ഗാവസ്ത്ര രൂപകല്‍പന ചെയ്തതും വികസിപ്പിച്ചെടുത്തതും. 64 മൈക്രോ-മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മൊബൈല്‍ പ്രതിരോധ പ്ലാറ്റ്‌ഫോം, ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാന്‍ പ്രത്യേകം രൂപകല്‍പന ചെയ്തതാണ്. ശത്രുക്കളുടെ ഡ്രോണുകളെ വിജയകരമായി ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും ‘ഭാര്‍ഗവാസ്ത്ര’ കഴിയും. ഡ്രോണുകളെ നശിപ്പിക്കാതെ അവയുടെ ആശയവിനിമയ സിഗ്‌നലുകള്‍ തടസപ്പെടുത്തി നിര്‍വീര്യമാക്കാന്‍ ഇത് സഹായിക്കും. വിവിധ ഭൂപ്രദേശങ്ങളിലും 5,000 മീറ്റര്‍ വരെ ഉയരത്തില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ സംവിധാനം, എല്ലാ ദിശകളില്‍ നിന്നുമുള്ള ഡ്രോണ്‍ ഭീഷണികളെ പ്രതിരോധിക്കാന്‍ ശക്തമായ ഒരു കവചം തീര്‍ക്കുന്നു.

‘ഭാര്‍ഗവാസ്ത്രയിലെ നിരവധി നൂതന സാങ്കേതിക വിദ്യകളുണ്ട്. കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സെന്റര്‍, അത്യാധുനിക സി4ഐ സംവിധാനങ്ങളും (കമാന്‍ഡ്, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍സ്, കംപ്യൂട്ടേഴ്‌സ്, ആന്‍ഡ് ഇന്റലിജന്‍സ്) 10 കിലോമീറ്റര്‍ വരെ ദൂരെയുള്ള ഇടത്തരം മുതല്‍ വലിയ UAVകളെയും 6 കിലോമീറ്റര്‍ വരെ ദൂരെയുള്ള ചെറിയ ഡ്രോണുകളെയും കണ്ടെത്താന്‍ ശേഷിയുള്ള റഡാറുകളും ഉപയോഗിക്കുന്നു. കുറഞ്ഞ റഡാര്‍ സിഗ്‌നലുകളുള്ള ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താന്‍ ഭാര്‍ഗവാസ്ത്രയിലെ ഇലക്ട്രോ-ഒപ്റ്റിക്കല്‍/ഇന്‍ഫ്രാറെഡ് (EO/IR) സംവിധാനം സഹായിക്കുന്നു. ഡ്രോണുകളെ കൂട്ടമായി നിര്‍വീര്യമാക്കാന്‍ ഭാര്‍ഗവാസ്ത്രയ്ക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ട്. ചില വികസിത രാജ്യങ്ങള്‍ സമാനമായ മൈക്രോ-മിസൈല്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഡ്രോണ്‍ കൂട്ടങ്ങളെ നേരിടാന്‍ ശേഷിയുള്ള ‘ഭാര്‍ഗവാസ്ത്ര’ പോലുള്ള ഒരു മള്‍ട്ടി ലേയര്‍ സംവിധാനം വിന്യസിച്ചിട്ടില്ല.
Also Read: ഇന്ത്യയുടെ പ്രതിരോധ ചൂടറിഞ്ഞ് പാക്കിസ്ഥാനും കൂട്ടരും, അസർബൈജാനും ആവലാതി
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം പാക്കിസ്ഥാനില്‍നിന്ന് ഡ്രോണ്‍ ആക്രമണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ ഡ്രോണ്‍ പ്രതിരോധ സംവിധാനം ഇന്ത്യ പരീക്ഷിച്ചു വിജയിക്കുന്നത്. രണ്ടര കിലോമീറ്റര്‍ വരെ പരിധിയിലുള്ള ചെറിയ ഡ്രോണുകള്‍ തിരിച്ചറിയാനും തകര്‍ക്കാനുമുള്ള സംവിധാനമാണ് ഭാര്‍ഗവാസ്ത്രയിലുള്ളത്. ഭാര്‍ഗാവസ്ത്രയില്‍ ഉപയോഗിച്ചിട്ടുള്ള മൈക്രോ റോക്കറ്റുകളും ഒന്നിലധികം തവണ ഗോപാല്‍പുരില്‍ പരീക്ഷിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. ആര്‍മി എയര്‍ ഡിഫന്‍സിലെ (എഎഡി) മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച മൂന്നുതവണയാണ് റോക്കറ്റുകളുടെ പ്രവര്‍ത്തനം മാത്രം പരിശോധിച്ചത്. ഓരോ റോക്കറ്റുകള്‍ വീതം ജ്വലിപ്പിച്ചുള്ള പരീക്ഷണവും രണ്ടു തവണ നടത്തി. നാലു മൈക്രോ റോക്കറ്റുകളാണ് ഭാര്‍ഗവാസ്ത്രയിലുള്ളത്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എസ്ഡിഎഎല്‍ ഭാര്‍ഗവാസ്ത്ര വികസിപ്പിച്ചെടുത്തത്.
Minnu Wilson
വീഡിയോ കാണാം