റഷ്യ നമ്പര്‍ വണ്‍, കൈകൊടുത്ത് ഇറാന്‍, ഭയപ്പാടില്‍ പാശ്ചാത്യ ലോകം

അന്താരാഷ്ട്ര ഭീകരതയെയും മറ്റ് ഭീഷണികളെയും ചെറുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പ്രധാനമായും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കരാര്‍ സൈനിക-സാങ്കേതിക സഹകരണം ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, ഭാവിയില്‍ അത്തരമൊരു കരാര്‍ ഒപ്പിടുന്ന സാഹചര്യത്തെ തള്ളിക്കളയാനുമാകില്ല. ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള റഷ്യയുടെയും ഇറാന്റെയും സന്നദ്ധത അടിവരയിടുന്നതിനാല്‍ ഈ വ്യവസ്ഥയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്.

റഷ്യ നമ്പര്‍ വണ്‍, കൈകൊടുത്ത് ഇറാന്‍, ഭയപ്പാടില്‍ പാശ്ചാത്യ ലോകം
റഷ്യ നമ്പര്‍ വണ്‍, കൈകൊടുത്ത് ഇറാന്‍, ഭയപ്പാടില്‍ പാശ്ചാത്യ ലോകം

400 വര്‍ഷമായി നിലനില്‍ക്കുന്ന റഷ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ത്ത ചരിത്ര സംഭവമായിരുന്നു ജനുവരി 17-ലെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ റഷ്യ സന്ദര്‍ശനം. സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു നേതാക്കളും ഒപ്പുവെച്ച തന്ത്രപരമായ പങ്കാളിത്ത ഉടമ്പടി ദീര്‍ഘകാല സഹകരണത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള തലത്തില്‍ കൂടുതല്‍ ആഴമേറിയതും സമഗ്രവുമായ സഹകരണത്തിലേക്കുള്ള ഗതിമാറ്റത്തെയും സൂചിപ്പിക്കുന്നത് കൂടിയാണ്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും ആഗോള വെല്ലുവിളികളെ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് 47 വ്യവസ്ഥകള്‍ അടങ്ങുന്ന ഈ കരാര്‍.

Also Read: പനാമ കനാലിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് വിട്ടുകൊടുക്കില്ല: ജോസ് മുലിനോ

പരസ്പരം താല്‍പ്പര്യമുള്ള എല്ലാ മേഖലകളിലും വ്യാപാര-സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിലെ രാജ്യങ്ങളുടെ സഹകരണവും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. പരസ്പര പ്രതിരോധത്തിന്റെ കാര്യത്തില്‍, ഒരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തില്‍ ഇരുകക്ഷികളും ആക്രമണകാരിക്ക് സൈനികമോ മറ്റ് സഹായമോ നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് കരാര്‍ വ്യവസ്ഥ ചെയ്യുന്നത്.
കൂടാതെ പ്രദേശിക അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്ന വിഘടനവാദ പ്രസ്ഥാനങ്ങളെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ പ്രദേശങ്ങള്‍ ഉപയോഗിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാമെന്നും ഇറാനും റഷ്യയും സമ്മതിച്ചിട്ടുണ്ട്.

masoud pezeshkian and vladimir putin

അന്താരാഷ്ട്ര ഭീകരതയെയും മറ്റ് ഭീഷണികളെയും ചെറുക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് പ്രധാനമായും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. കരാര്‍ സൈനിക-സാങ്കേതിക സഹകരണം ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, ഭാവിയില്‍ അത്തരമൊരു കരാര്‍ ഒപ്പിടുന്ന സാഹചര്യത്തെ തള്ളിക്കളയാനുമാകില്ല. ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള റഷ്യയുടെയും ഇറാന്റെയും സന്നദ്ധത അടിവരയിടുന്നതിനാല്‍ ഈ വ്യവസ്ഥയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്കോ കാലത്തിനോ മറുപടിയായി ഭാവിയില്‍ റഷ്യയും ഇറാനും പൂര്‍ണ സഖ്യകക്ഷികളായി മാറിയേക്കുമെന്നതും ഏറെക്കുറെ ഇതോടെ ഉറപ്പായിക്കഴിഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ മൂന്നാം കക്ഷികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ചേരരുതെന്നും ഏകപക്ഷീയമായ നിര്‍ബന്ധിത നടപടികള്‍ ഏര്‍പ്പെടുത്തരുതെന്നും ഇറാനും റഷ്യയും തമ്മില്‍ ധാരണയായിട്ടുണ്ട്.

ഒരു സ്വതന്ത്ര പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിനും മൂന്നാം രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും അതുപോലെ ആണവോര്‍ജ്ജ സൗകര്യങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ സമാധാനപരമായ ആണവോര്‍ജ്ജ മേഖലയില്‍ സംയുക്ത പദ്ധതികള്‍ വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും പരസ്പര താല്‍പ്പര്യങ്ങളും സാധ്യതകളും കണക്കിലെടുത്ത് തമ്മിലുള്ള വ്യാപാര അളവ് വര്‍ദ്ധിപ്പിക്കുക എന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. റഷ്യയും ഇറാനും തമ്മിലുള്ള വ്യാപാരം 2024 ല്‍ 4.5 ബില്യണ്‍ ഡോളറായിരുന്നു, 2021 ല്‍ ഇത് 1.5 ബില്യണ്‍ ഡോളറായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ വ്യാപാരം മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചത് ഇതിനു വിപരീതമായി, തുര്‍ക്കിയുമായുള്ള വ്യാപാരം സമീപ വര്‍ഷങ്ങളില്‍ 60 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പരസ്പര ധാരണയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കും.

Ayatollah Ali Khamenei

ദുരന്ത നിവാരണ, സാങ്കേതിക സുരക്ഷാ വിഷയങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നു. റഷ്യയില്‍ നിന്ന് അസര്‍ബൈജാന്‍ വഴി ഇറാനിലേക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത് കരാറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ പ്രധാന വക്താവാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. 2000-ങ്ങളില്‍ തന്നെ, അന്താരാഷ്ട്ര ബന്ധങ്ങളിലെ പ്രധാന ശക്തി കേന്ദ്രങ്ങളിലൊന്നായി റഷ്യയെ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പലതും ഭാവി ലോകക്രമത്തിനായുള്ള തന്ത്രപരമായ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഏകധ്രുവ വ്യവസ്ഥയ്ക്ക് എതിരായി നിലകൊള്ളുന്ന റഷ്യയുടെ പ്രാധാന്യത്തെയും അദ്ദേഹം എടുത്ത് പറഞ്ഞിട്ടുണ്ട്.

ഇറാന്റെ സ്വാതന്ത്ര്യം, പരമാധികാരം, ആഗോള തലത്തില്‍ നിലകൊള്ളല്‍ എന്നിവെയ്ക്കായി റഷ്യയുമായി അടുത്ത സഹകരണം അനിവാര്യമാണെന്ന് തന്നെയാണ് ഖമേനിയും വിശ്വസിക്കുന്നത്. ഉപരോധങ്ങളും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ഇറാന്‍ വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദം നേരിടുമ്പോള്‍ റഷ്യയുമായും ചൈനയുമായും ബന്ധം കൂടുതല്‍ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകത ആയത്തുള്ള ഖമേനി ഊന്നിപ്പറഞ്ഞു. റഷ്യയുമായും ചൈനയുമായും സഹകരിച്ച് ഇറാന് പുതിയ സാമ്പത്തിക, രാഷ്ട്രീയ, സാങ്കേതിക അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഇറാന്റെ ദേശീയ താല്‍പ്പര്യങ്ങളുമായി ഒത്തുചേരുകയും ബാഹ്യ വെല്ലുവിളികളെ നേരിടുന്നതില്‍ നിര്‍ണായക ഘടകമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചുരുക്കി പറഞ്ഞാല്‍, ഇറാനെ ഒറ്റപ്പെടുത്താനുള്ള ഉപരോധങ്ങളും ശ്രമങ്ങളും ഉള്‍പ്പെടെ പടിഞ്ഞാറ് ചെലുത്തുന്ന ഏകപക്ഷീയമായ സമ്മര്‍ദ്ദത്തെ ചെറുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഈ നയം ലക്ഷ്യമിടുന്നത്.

China

ഇറാനെ സംബന്ധിച്ചിടത്തോളം ഈ കരാര്‍ അതിന്റെ പരമാധികാരവും അന്തര്‍ദേശീയ സ്വാധീനവും ഉയര്‍ത്താനുള്ള അവസരം നല്‍കുന്നതാണ്. അതേസമയം റഷ്യയെ സംബന്ധിച്ചിടത്തോളം, മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമത്തിനിടയില്‍ പ്രതിരോധശേഷിയുള്ള സഖ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഇത് പ്രധാനമാണ്. അന്താരാഷ്ട്ര നിയമത്തോടുള്ള ബഹുമാനവും പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിരസിക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ണായക അന്താരാഷ്ട്ര വിഷയങ്ങളില്‍ റഷ്യയും ഇറാനും തമ്മിലുള്ള സമാനത ഇറാന്‍ സ്ഥിരമായി രേഖപ്പെടുത്തുന്നതാണ്. ഇവ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരു അടിത്തറ സ്ഥാപിക്കുകയും അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു പുതിയ മാതൃക രൂപപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും ആഗ്രഹത്തെ പ്രതിഫലിപ്പിക്കുകയും ചെയ്തു. റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്ത കരാര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇറാന്റെ ഭാഗത്ത്, തന്ത്രപരമായ പങ്കാളിത്തം എന്ന ആശയം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് കരാറിന് പിന്നിലെ പ്രധാന ആളുകളില്‍ ഒരാള്‍. മൂന്ന് വര്‍ഷം മുമ്പ്, 2022 ജനുവരിയില്‍ റഷ്യ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന ഒരു ദീര്‍ഘകാല കരാറിന്റെ പ്രാധാന്യം റൈസി ഊന്നിപ്പറഞ്ഞിരുന്നു. ഇറാന്റെ പരമാധികാരം ശക്തിപ്പെടുത്തുന്നതിനും അതിന്റെ സാമ്പത്തിക ചക്രവാളങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഒരു നിര്‍ണായക ഉപകരണമായാണ് റൈസി ഈ കരാറിനെ വീക്ഷിച്ചത്. ഇത്തരമൊരു പങ്കാളിത്തം ബാഹ്യ വെല്ലുവിളികളെ സംയുക്തമായി അഭിമുഖീകരിക്കുന്നതിനുള്ള ഒരു വേദിയായി മാത്രമല്ല, രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ക്ക് എങ്ങനെ പരസ്പര പ്രയോജനകരമായ സഹകരണത്തിന്റെ പുതിയ മാതൃകകള്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ തന്ത്രപ്രധാനമായ കരാറില്‍ ഒപ്പുവെച്ചത് പാശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥമാക്കിയതില്‍ അതിശയിക്കാനില്ല.

Ebrahim Raisi

ചില പാശ്ചാത്യ മാധ്യമങ്ങള്‍ അതിന്റെ പ്രാധാന്യം കുറച്ചുകാണാന്‍ തിരക്കുകൂട്ടിയപ്പോള്‍, തിരശ്ശീലയ്ക്ക് പിന്നിലെ അന്തരീക്ഷം തികച്ചും വ്യത്യസ്തമായിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി കഴിഞ്ഞ ആഴ്ചകളിലുടനീളം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാനോട് നിരന്തരം ഇവര്‍ ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. പകരം ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാം എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ റഷ്യയുമായുള്ള ദീര്‍ഘകാല പങ്കാളിത്തം അങ്ങനെ ചര്‍ച്ച ചെയ്യാനാകില്ലെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും കരാര്‍ പ്രധാനമാണെന്നും ഇറാന്‍ വ്യക്തമാക്കി. ഈ തന്ത്രപരമായ തിരഞ്ഞെടുപ്പ് സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ മാത്രമല്ല മറിച്ച് ഇറാന്റെ പ്രധാന താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന റഷ്യയുമായുള്ള ഒത്തുചേരലും കൂടിയാണ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കാനും തുര്‍ക്കി, സൗദി അറേബ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും ഇറാന് താല്‍പ്പര്യമുണ്ട്.

Also Read: അമേരിക്കയുടെ പിന്‍മാറ്റത്തോടെ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് ചൈന

പ്രാദേശിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതിലൂടെ, ഇറാന്‍ അതിന്റെ സ്വാധീനം വീണ്ടെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇറാന്‍ ഒരു സൈനിക ശക്തിയായി മാത്രമല്ല സഹകരണത്തിലൂടെ പ്രാദേശിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിവുള്ള സാമ്പത്തിക നയതന്ത്ര കേന്ദ്രമായും പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഇറാന്‍-റഷ്യ കരാറിന്റെ പ്രാദേശിക ചലനാത്മകതയിലും ആഗോള രാഷ്ട്രീയത്തിലും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഇറാനെ അനുനയിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ശ്രമങ്ങള്‍. റഷ്യ-ഇറാന്‍ ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുക മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പിക്കുന്ന ഈ കരാര്‍ തുല്യത, പരസ്പര ബഹുമാനം, ബാഹ്യ സമ്മര്‍ദ്ദത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു പുതിയ ബഹുധ്രുവ ലോകക്രമം രൂപപ്പെടുത്താനുള്ള രണ്ട് ലോകനേതാക്കളുടെ സന്നദ്ധത തെളിയിക്കുന്ന സുപ്രധാന നീക്കം കൂടിയാണ് എന്നതില്‍ സംശയമില്ല.

വീഡിയോ കാണാം…

Share Email
Top