ന്യൂഡൽഹി: ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ രണ്ട് സ്വകാര്യ സ്‌കൂളുകൾ ഒഴിപ്പിച്ചതായി പൊലീസ്. രണ്ട് സ്‌കൂളുകളിലേക്കും ബോംബ് നിർവീര്യ സേനയെ അയച്ചിട്ടുണ്ടെന്നും ഇതുവരെ സ്‌ഫോടക വസ്തു കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് ഖാണ്ഡവ റോഡിൽ സ്ഥിതി ചെയ്യുന്ന ന്യൂ ദിഗംബർ പബ്ലിക് സ്‌കൂളിലേക്കും റാവു ഏരിയയിലെ ഇൻഡോർ പബ്ലിക് സ്‌കൂളിലേക്കും ഇ മെയിലുകൾ വന്നത്. ആർ.ഡി.എക്‌സ് ഉപയോഗിച്ച് പൊട്ടിത്തെറി നടത്തുമെന്നായിരുന്നു ഭീഷണിയെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു. ചില കാര്യങ്ങൾ തമിഴിലും എഴുതിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Also Read: ‘തടവിലുള്ളവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ ഉടൻ നാടുകടത്തണം’ സുപ്രീംകോടതി
രണ്ട് സ്‌കൂൾ കെട്ടിടങ്ങളും ഒഴിപ്പിച്ച് ബോംബ് നിർവീര്യ സ്‌ക്വാഡുകളെ പരിശോധനക്കായി അയച്ചെങ്കിലും ഇതുവരെ സ്‌ഫോടക വസ്തു കണ്ടെത്താനായിട്ടില്ല. ഡൽഹിയിലെ സ്കൂളുകളിൽ നിരന്തരം ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അടുത്തിടെയാണ് ഒരു വിദ്യാർഥി പിടിയിലായത്.