തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ‘മണ്ടാടി’ സിനിമയുടെ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് നടൻ സൂരി. കടലിലെ ചിത്രീകരണത്തിനിടെ കോ-ആക്ടർ മിഥുൻ സഞ്ചരിച്ച ബോട്ട് മറിഞ്ഞത് വലിയ ആശങ്കയുണ്ടാക്കിയെന്ന് സൂരി പറഞ്ഞു. നീന്തൽ അറിയാത്ത മിഥുനെ ഓർത്ത് പരിഭ്രാന്തരായെങ്കിലും, മിനിറ്റുകൾക്കകം ബോട്ടിന്റെ വശത്ത് പിടിച്ച് സുരക്ഷിതമായി നിൽക്കുന്ന അവനെയാണ് കണ്ടതെന്ന് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ യഥാർത്ഥ കടൽ വിദഗ്ധരായതിനാൽ വലിയൊരു അപകടം ഒഴിവായെന്നത് വലിയ ധൈര്യമായിരുന്നെന്ന് സൂരി കൂട്ടിച്ചേർത്തു. എന്തെങ്കിലും സംഭവിച്ചാൽ രക്ഷിക്കാൻ ആളുകളുണ്ടെന്ന ഉറപ്പ് ആ റിസ്ക് കൂടിയ ഷൂട്ടിങ്ങിൽ ആശ്വാസമായിരുന്നു. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് എല്‍റെഡ് കുമാറാണ്.
സത്യരാജ്, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ എന്നിവർക്ക് പുറമെ തെലുങ്ക് താരം സുഹാസ് വില്ലനായി എത്തുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിസ്ക് നിറഞ്ഞ കടൽക്കാഴ്ചകളും ആക്ഷനും ഒക്കെയായി തിയറ്ററുകളിൽ ആവേശം തീർക്കുകയാണ് മണ്ടാടി.






