ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25; ബഹിരാകാശ വിനോദസഞ്ചാരത്തിന് പോവുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ ഗോപിചന്ദ്

ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25; ബഹിരാകാശ വിനോദസഞ്ചാരത്തിന് പോവുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ ഗോപിചന്ദ്

ഡല്‍ഹി: ബഹിരാകാശ വിനോദസഞ്ചാരത്തിന് പോവുന്ന ആദ്യ ഇന്ത്യക്കാരനാവാന്‍ ഒരുങ്ങി സംരംഭകനും പൈലറ്റുമായ ഗോപിചന്ദ്. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ്-25 (എന്‍എസ്-25) ദൗത്യത്തിന് വേണ്ടിയുള്ള സംഘത്തിലേക്കാണ് ഗോപീചന്ദ് തിരഞ്ഞെടുക്കപ്പെട്ടത്. 30 കാരനായ അദ്ദേഹത്തോടൊപ്പം വേറെ അഞ്ച് പേര്‍ കൂടിയുണ്ടാവും. വിജയവാഡയില്‍ ജനിച്ച ഗോപിചന്ദ് ഇപ്പോള്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്സണ്‍ പ്രിസര്‍വ് ലൈഫ് കോര്‍പ്പ് എന്ന സ്ഥാപനം നടത്തുകയാണ്.

വളരെ ചെറുപ്പം തൊട്ടുതന്നെ ആകാശത്തോടും പറക്കലിനോടും അഭിനിവേശമുണ്ടായിരുന്നയാളാണ് ഗോപീചന്ദ്. ഡ്രൈവിങ് പഠിക്കുന്നതിന് മുമ്പ് തന്നെ വിമാനം പറത്താനാണ് ഗോപീചന്ദ് പഠിച്ചത്. വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ടുതന്നെ എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി. വാഹനമോടിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ പറക്കാന്‍ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപി എന്നാണ് ബ്ലൂ ഒറിജിന്‍ ഗോപിചന്ദിനെ പരിചയപ്പെടുത്തുന്നത്. ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ദനാണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

എന്‍എസ് 25 വിക്ഷേപണത്തിന്റെ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെ ആറ് വിക്ഷേപണങ്ങളാണ് ബ്ലൂ ഒറിജിന്‍ നടത്തിയത്. ഇതില്‍ ചിലര്‍ പണം നല്‍കിയുള്ള യാത്രികരും ചിലര്‍ കമ്പനിയുടെ അതിഥികളുമായിരുന്നു. 2021 ല്‍ കമ്പനി മേധാവി ജെഫ് ബെസോസ് ബഹിരാകാശ യാത്ര നടത്തിയിരുന്നു. വാണിജ്യ ഉപയോഗത്തിനായി ഒരു ഹെവി റോക്കറ്റും ബ്ലൂ ഒറിജിന്‍ വികസിപ്പിക്കുന്നുണ്ട്. നാസയുടെ വിവിധ ദൗത്യങ്ങളിലും ബ്ലൂ ഒറിജിന്‍ പങ്കാളിയാണ്

Top