ഭൂമിക്ക് ബ്ലൂ മാര്‍ബിള്‍ എന്നൊരു വിശേഷണമുണ്ട്. ഉരുണ്ട നീലഗോളത്തിലുള്ള ഭൂമിയെ അപ്പോളോ 8 സഞ്ചാരി ബില്‍ ആന്‍ഡേഴ്സ് (Earthrise) ചന്ദ്രനില്‍ നിന്ന് പകര്‍ത്തിയിരുന്നു. മേഘങ്ങള്‍ നിറഞ്ഞ നീലത്തിരമാലകള്‍ പോലെ ദൃശ്യമാകുന്ന ഭൂമിയുടെ മനോഹര വീഡിയോ പകര്‍ത്തിയത് സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്പനിയായ ഫയര്‍ഫ്ലൈ എയ്റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് പേടകമാണ്. ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഉരുണ്ട ഭൂമിയുടെ ആകാരം ബ്ലൂ ഗോസ്റ്റ് ക്യാമറക്കണ്ണില്‍ പതിപ്പിച്ചത്. ഭൂമിക്ക് ഏറെ വിദൂരത്തുകൂടെ പാഞ്ഞാണ് ഈ ദൃശ്യം ബ്ലൂ ഗോസ്റ്റ് പേടകം പകര്‍ത്തിയത്.
നീലഗോളമാണ് ഭൂമി എന്ന് അടിവരയിടുന്നതാണ് ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയ ഈ വീഡിയോ. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തുടരുന്നു എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ഫയര്‍ഫ്ലൈ എയ്റോസ്പേസിന്‍റെ ട്വീറ്റ്. കഴിഞ്ഞ ദിവസങ്ങളിലും ചാന്ദ്രയാത്രയ്ക്കിടെ ഭൂമിയുടെ വീഡിയോ ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയിരുന്നു. ജനുവരി 15ന് നാസയുടെ സഹകരണത്തോടെ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഇരട്ട ചാന്ദ്ര പര്യവേഷണ ആളില്ലാ പേടകങ്ങളിലൊന്നാണ് ബ്ലൂ ഗോസ്റ്റ്.
ഫയര്‍ഫ്ലൈ എയ്റോസ്പേസ് കമ്പനിയാണ് ബ്ലൂ ഗോസ്റ്റ് ലൂണാര്‍ ലാന്‍ഡറിന്‍റെ നിര്‍മാതാക്കള്‍. ബ്ലൂ ഗോസ്റ്റ്, മാരേ ട്രാൻക്വിലിറ്റാറ്റിസ്ന് വടക്കുകിഴക്കുള്ള മേരെ ക്രിസിയംലാണ് ഇറങ്ങുക. 45 ദിവസം സമയമെടുത്താണ് ബ്ലൂ ഗോസ്റ്റ് ചന്ദ്രനില്‍ ഇറങ്ങുക. ബ്ലൂ ഗോസ്റ്റ് ചന്ദ്രനെ തുരന്ന് സാംപിള്‍ എടുക്കുകയും ഭൂമിയുടെ കാന്തികമണ്ഡലത്തിന്‍റെ എക്സ്‌റേ ചിത്രം പകര്‍ത്തുകയും ചെയ്യും.