ബ്ലെസി ചിത്രം ആടുജീവിതം ലോക ശ്രദ്ധ നേടുമ്പോള്‍ പത്തു വര്‍ഷം മുന്നേയുള്ള കുസൃതി നിറഞ്ഞ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ബ്ലെസിയുടെ ഇരുപതാം വിവാഹ വാര്‍ഷികത്തില്‍ മമ്മൂട്ടി സംസാരിക്കുന്ന പഴയ വീഡിയോയാണത്. കുടുംബത്തോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ബ്ലെസി മമ്മൂട്ടിയെയും സഹ പ്രവര്‍ത്തകരെയും ആഘോഷത്തില്‍ പങ്കുചേരാന്‍ ക്ഷണിച്ചിരുന്നു. സിനിമ വേണം എന്നുള്ളത് കൊണ്ടാണ് മറ്റൊരു വഴിയുമില്ലാതെ നമ്മള്‍ ബ്ലെസിയെ സഹിക്കുന്നത്. പക്ഷേ ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും സഹിക്കുന്ന ഭാര്യ മിനിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ബ്ലെസി ഇന്നലെ വൈകുന്നേരം ചിത്രീകരണ സ്ഥലത്ത് വന്നു. വിവാഹ വാര്‍ഷികമാണ്, രാത്രി എത്തണം എന്നു പറഞ്ഞു. അവിടെ പരിചയമുള്ള അത്യാവശ്യം ചില ആളുകളെയൊക്കെ വിളിച്ചു. ഞാന്‍ അവരോട് പറഞ്ഞു. നമുക്ക് എന്തായാലും പോകണം. മിനിയെ നമ്മള്‍ നേരിട്ടു കണ്ട് അഭിനന്ദിക്കേണ്ടതുണ്ട്. സിനിമയില്‍ നമ്മള്‍ ബ്ലെസിയെ സഹിച്ചുപോകുന്നുണ്ട്. ബ്ലെസിയുടെ പിടിവാശിയും ശാഠ്യങ്ങളും ഒക്കെ നമ്മളെപ്പോലെയുള്ള നടന്‍മാര്‍ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് അനുഭവിച്ചേ പറ്റൂ. മിനി ഇത് പത്തിരുപത് വര്‍ഷമായി സഹിക്കുകയാണ്. നമ്മളോടുള്ള ദേഷ്യവും കൂടി മിനിയുടെ നെഞ്ചത്തായിരിക്കും. അപ്പോള്‍ മിനിയെ ഒന്ന് അഭിനന്ദിക്കുകയാണ്. ആശംസകള്‍ മിനി’ മമ്മൂട്ടി പറഞ്ഞു.
ഞങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അമ്മയുടെ മീറ്റിങ് കൂടുമ്പോള്‍ ഒരുമിച്ചു കൂടും എന്നല്ലാതെ ഇതുപോലെ എല്ലാവരെയും ഒന്നും കാണാന്‍ പറ്റില്ല. ബ്ലെസിയും ഞാനും തമ്മിലുള്ള ഇരിപ്പുവശം വച്ചായിരിക്കും, ഇതുപോലെയുള്ള നല്ല സമയങ്ങളില്‍ ഞാന്‍ എപ്പോഴും കൂടെ ഉണ്ടാകാറുണ്ട്. ബ്ലെസിക്ക് ബുദ്ധിമുട്ട് ഉള്ളപ്പോഴും എന്റെ അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല കേട്ടോ. ബ്ലെസി ഒരു പാവമായിട്ടാണ് നമുക്കൊക്കെ ആദ്യം തോന്നിയത്, ഇപ്പൊ ഏതായാലും അതങ്ങു മാറി. ബ്ലെസിയുടെ ശക്തിയാണ് മിനി, ബ്ലെസിക്ക് ബ്ലെസിയെക്കാളും വലിയ മക്കളുമായി, അത് എല്ലാവര്‍ക്കും അങ്ങനെയാണ്. മക്കള്‍ നമ്മുടെ മുന്നില്‍ ഇങ്ങനെ വലുതാകുന്നത് നമ്മള്‍ അറിയില്ല ഞാനും അങ്ങനെ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തായാലും ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്’ മമ്മൂട്ടി പറഞ്ഞു.
‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ബ്ലെസ്സിയ്ക്കും ഭാര്യ മിനിയ്ക്കും ആശംസകള്‍ അറിയിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ചിത്രീകരിക്കുന്നത്. രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം പത്തനംതിട്ട ജില്ലയില്‍ വെച്ചായിരുന്നു. ബ്ലെസിയുടെ നാടും പത്തനംതിട്ടയായിരുന്നു.