കരൂരിൽ കരിദിനാചരണം; ഡിഎംകെ സർക്കാരിനെതിരെ വിജയുടെ ആരോപണം, വിമർശനവുമായി കനിമൊഴി

41 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൻ്റെ 285-ാം നാൾ, കറുപ്പണിഞ്ഞ് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി, അന്നത്തെ പൊലീസ് നടപടികൾക്കെതിരെയും ഡിഎംകെ സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്

കരൂരിൽ കരിദിനാചരണം; ഡിഎംകെ സർക്കാരിനെതിരെ വിജയുടെ ആരോപണം, വിമർശനവുമായി കനിമൊഴി
കരൂരിൽ കരിദിനാചരണം; ഡിഎംകെ സർക്കാരിനെതിരെ വിജയുടെ ആരോപണം, വിമർശനവുമായി കനിമൊഴി

കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും, അവിടെ അദ്ദേഹം നടത്തിയ പരാമർശങ്ങൾക്കെതിരെ ഡിഎംകെ നേതാവ് കനിമൊഴി നടത്തിയ രൂക്ഷ വിമർശനവും തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു പോർമുഖം തുറക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ദാരുണമായ ആൾക്കൂട്ട ദുരന്തത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്. 41 പേരുടെ ജീവൻ കവർന്ന ദുരന്തത്തിൻ്റെ 285-ാം നാൾ, കറുപ്പണിഞ്ഞ് സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി, അന്നത്തെ പൊലീസ് നടപടികൾക്കെതിരെയും ഡിഎംകെ സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

താൻ പൊലീസിനെ അന്ധമായി വിശ്വസിച്ചുവെന്നും, എന്നാൽ തന്നെ മനഃപൂർവ്വം ചതിയിൽപ്പെടുത്തുകയായിരുന്നുവെന്നും വിജയ് പ്രസംഗത്തിൽ തുറന്നടിച്ചു. “പൊലീസിന് വേണമെങ്കിൽ ആ റാലി തടയാനോ, എൻ്റെ വാഹനം വഴിതിരിച്ചുവിടാനോ അധികാരമുണ്ടായിരുന്നു. എന്നാൽ, അവർ എന്നെ വേദിയിലേക്ക് നയിക്കുകയായിരുന്നു. ഒരു പൊലീസുകാരൻ പോലും മുന്നറിയിപ്പ് നൽകിയില്ല. അന്നത്തെ സർക്കാർ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ഈ ദുരന്തം,” വിജയ് ആരോപിച്ചു. മരിച്ചവരുടെ സ്മരണയ്ക്കായി ഒരു സ്മാരകം നിർമ്മിക്കുമെന്നും, ഇരകളുടെ കുടുംബങ്ങളിലെ 32 പേർക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Also Read: ഇരുപതാണ്ടുകളുടെ ഓർമ്മച്ചിത്രം! സ്റ്റീവ് വോയ്ക്ക് സർപ്രൈസ് സമ്മാനവുമായി പ്രധാനമന്ത്രി മോദി; മെൽബണിൽ ഇരമ്പിയ നൊസ്റ്റാൾജിയ

വിജയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി അതിശക്തമായാണ് തിരിച്ചടിച്ചത്. “ദുരന്തം ഒരു വൈകാരിക വിഷയമാണ്. അത്തരമൊരു സംഭവത്തിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ആ സമയത്ത് ജനങ്ങൾക്കൊപ്പം ആരാണ് നിന്നതെന്നും, ആരാണ് അവിടെ നിന്ന് ഓടിപ്പോയതെന്നും ജനങ്ങൾക്ക് കൃത്യമായി അറിയാം,” കനിമൊഴി പറഞ്ഞു. കേസ് നിലവിൽ അന്വേഷണത്തിലാണെന്നും, രാഷ്ട്രീയ മുതലെടുപ്പിനായി ഇത്തരം പ്രസ്താവനകൾ നടത്തുന്നത് തെറ്റാണെന്നും അവർ ഓർമ്മിപ്പിച്ചു.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതിയോടെയാണ് സർക്കാർ ജോലി നിയമന ഉത്തരവുകൾ വിതരണം ചെയ്തത്. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനവും ഡിഎംകെയുടെ പ്രതികരണവും വലിയൊരു രാഷ്ട്രീയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. മുൻ സർക്കാരിനെ ‘തീയാ ശക്തി’ എന്ന് വിശേഷിപ്പിച്ച് വിജയ് ആക്രമണം കടുപ്പിച്ചപ്പോൾ, ‘രാഷ്ട്രീയ പാപ്പരത്തമാണ്’ വിജയിയുടേതെന്നാണ് ഡിഎംകെ കേന്ദ്രങ്ങളുടെ വാദം. വരും ദിവസങ്ങളിൽ ഈ വിഷയം തമിഴ്നാട് നിയമസഭയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Share Email
Top