തിരുവനന്തപുരം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാണെന്നും അത് വേഗത്തിലാക്കാനാണ് ജോര്‍ജ് കുര്യന്റെ ശ്രമമെന്നും അദ്ദേഹം പരിഹസിച്ചു. 678 കോടിയാണ് കേന്ദ്രം ആരോഗ്യ രംഗത്ത് കേരളത്തിന് നല്‍കാനുള്ളത്. അതിനെതിരെ സമരം ചെയ്യാന്‍ ബിജെപി കേരള ഘടകം തയ്യാറുണ്ടോ എന്ന് മന്ത്രി ചോദിച്ചു.
‘കേരളം പിന്നോക്കമാണെന്ന് സമ്മതിച്ചാല്‍ എന്തെങ്കിലും തരാം എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേരളം മുന്നോട്ടാണെന്ന് പറയാൻ കാരണം കേരളത്തിന്റെ പൊതുജന ആരോഗ്യ സംവിധാനത്തിന്റെ മികവാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ എടുത്ത് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത മികവുണ്ട്. അത് ഇല്ലെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ബിജെപിക്കും പറയാന്‍ പറ്റില്ല. അതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് പൊതുജന ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ ചെലവഴിക്കുന്നത് കൊണ്ടാണ്‘, മുഹമ്മദ് റിയാസ് പറഞ്ഞു.