പതാക ഉപയോഗിക്കാത്തതും ‘ആയുധമാക്കി’ എതിരാളികൾ, വെട്ടിലായി കോൺഗ്രസ്സ് നേതൃത്വം, അണികളും രോക്ഷത്തിൽ

പതാക ഉപയോഗിക്കാത്തതും ‘ആയുധമാക്കി’ എതിരാളികൾ, വെട്ടിലായി കോൺഗ്രസ്സ് നേതൃത്വം, അണികളും രോക്ഷത്തിൽ

ല്ലാത്തൊരു പ്രതിസന്ധിയിലാണിപ്പോള്‍ കോണ്‍ഗ്രസ്സും ലീഗും അകപ്പെട്ടിരിക്കുന്നത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്നും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പതാകകള്‍ മാറ്റി നിര്‍ത്തിയത് എന്തിനാണെന്ന് വിശദികരിക്കാന്‍ കഴിയാതെ കുഴയുകയാണിപ്പോള്‍ യു.ഡി.എഫ് നേതൃത്വം. രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് കോണ്‍ഗ്രസ്സിനും ലീഗിനും സ്വന്തം പതാകകള്‍ ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.

1948 മാര്‍ച്ച് 10-നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടിരുന്നത്. ഇന്ത്യയിലെ മുസ്ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന മുഹമ്മദ് ഇസ്മയാലിന്റെ തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ രൂപീകരണം നടന്നിരുന്നത്. പാലക്കാട് ജില്ലയിലെ പുതുനഗരത്തില്‍ അന്നുയര്‍ന്ന പതാകയാണ് വയനാട്ടില്‍ താഴെ വച്ചിരിക്കുന്നത്.

മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുലിന്റെ റോഡ് ഷോയില്‍ പതാകകള്‍ വീശുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് കോണ്‍ഗ്രസ്സും തന്ത്രപൂര്‍വ്വം അവരുടെ പതാകകകളും ഒഴിവാക്കിയിരിക്കുന്നത്. രാഹുലിന്റെ റോഡ് ഷോ ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍ അതില്‍ പച്ചക്കൊട്ടിയുടെ സാന്നിധ്യം കണ്ടാല്‍ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമെന്ന ഭയമാണ് കോണ്‍ഗ്രസ്സിനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പിലെ അനുഭവം മുന്‍ നിര്‍ത്തി കൂടിയാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്.

ലീഗിന്റെ പതാകയെ പാക്കിസ്ഥാന്‍ പതാകയായി ചിത്രീകരിച്ചു വരെ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ വ്യാപകമായ പ്രചരണമാണ് നടന്നിരുന്നത്. കേരളത്തിനു പുറത്ത് അത് കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയുണ്ടാക്കിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് ഇത്തവണത്തെ റോഡ് ഷോയില്‍ നിന്നും രണ്ട് പാര്‍ട്ടികളും പതാക മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നത്. ലീഗിന്റെ പതാക മാത്രമാണ് മാറ്റിവയ്ക്കുന്നതെങ്കില്‍, അത് മുന്നണിയെ തന്നെ ബാധിക്കുമെന്നതിനാലാണ് കോണ്‍ഗ്രസ്സിന്റെ പതാകകളും കൊണ്ടുവരേണ്ടതില്ലെന്ന തീരുമാനം നേതാക്കള്‍ അണികളെ അറിയിച്ചിരുന്നത്. ഇങ്ങനെ ഒരു ഗതികേട് ലോകത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടാകുകയില്ല. ഇനിയൊട്ട് ഉണ്ടാകാനും സാധ്യതയില്ല.

സ്വന്തം ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് ഇല്ലെന്നതിന്റെ ഒന്നാംന്തരം തെളിവായാണ് ഈ പതാക മാറ്റിവയ്ക്കല്‍ നടപടി… ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. പച്ച പാതകയില്‍, ഭയം കാണുന്ന കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം മുസ്ലിംലീഗ് എന്ന പേരില്‍ ഭയം കാണുന്നില്ലേ എന്ന ചോദ്യത്തിനും മറുപടി നല്‍കേണ്ടതുണ്ട്. വയനാട്ടില്‍ സ്വന്തം പതാക ഉയര്‍ത്താന്‍ കഴിയാതിരുന്നതില്‍ കോണ്‍ഗ്രസ്സിലല്ല ലീഗിലാണിപ്പോള്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ലീഗ് അണികളും പ്രവര്‍ത്തകരും കട്ട കലിപ്പിലാണുള്ളത്. ലീഗ് പതാക രാഹുല്‍ ഗാന്ധിക്ക് കാണേണ്ടങ്കില്‍ ലീഗിന്റെ വോട്ടും ആഗ്രഹിക്കരുതെന്ന വാദവും ലീഗ് അനുകൂല ഗ്രൂപ്പുകളില്‍ ശക്തമാണ്. ഇത് വോട്ടെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നതും കണ്ടറിയേണ്ട കാര്യമാണ്.

ഇവിടെയാണ് ഇടതുപക്ഷത്തെ, യു.ഡി.എഫ് നേതൃത്വം കണ്ടു പഠിക്കേണ്ടത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായി, തമിഴ്നാട്, ബീഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും ഒരേ മുന്നണിയില്‍ ആണെങ്കിലും അവരാരും തന്നെ, അവിടെ സ്വന്തം കൊടികള്‍, പെട്ടിയില്‍ വച്ച് പൂട്ടിയിട്ടില്ല. അഭിമാനത്തോടെ സ്വന്തം പതാകകള്‍ ഉയര്‍ത്തി തന്നെയാണ് തിരഞ്ഞെടുപ്പിനെ ഇടതുപാര്‍ട്ടികള്‍ നേരിടുന്നത്. പൊതുശത്രുവായ ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കാന്‍ ഇടതുപക്ഷം സ്വീകരിക്കുന്ന ഈ നിലപാടുകളെ അവരെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങള്‍ക്കും അംഗീകരിക്കാന്‍ പ്രയാസമില്ല. അത് വിശദീകരിച്ച് ബോധ്യപ്പെടുത്താനുള്ള കഴിവ് ഇടതുപക്ഷത്തിന് തീര്‍ച്ചയായും ഉണ്ട്. അതില്ലാതെ പോയതാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി.

‘വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോയ’ അവസ്ഥയിലാണിപ്പോള്‍, കോണ്‍ഗ്രസ്സും ലീഗും ഉള്ളത്. പതാക മാറ്റി വയ്ക്കുന്നതോടെ വിവാദത്തില്‍ നിന്നും തലയൂരാം എന്ന കണക്കു കൂട്ടുകളാണ്, ഇപ്പോള്‍ ശരിക്കും പിഴച്ചിരിക്കുന്നത്. ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും പതാകകള്‍ മാറ്റിവച്ച നടപടിയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിരിക്കുന്നത്. വയനാട് മുതല്‍ ഉത്തരേന്ത്യയില്‍ വരെ പതാകവിവാദം പൊടിപൊടിക്കുകയാണ്. ലീഗിനെയും ലീഗ് പതാകയെയും മാറ്റി നിര്‍ത്തിയത് ആ പേരും പതാകയും ചര്‍ച്ചചെയ്യപ്പെടാതിരിക്കുവാന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് രണ്ടുമാണിപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ബിജെപിയെ ഭയന്നാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ നിന്നും മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയും പതാകകള്‍ ഒഴിവാക്കിയതെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ‘പതാക വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസിനാണ് ഉള്ളതെന്ന’ മറുപടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് പതാകകള്‍ ഒഴിവാക്കിയതെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനും പിന്നീട് മറുപടി ഉണ്ടായിട്ടില്ല. എസ്ഡിപിഐ-യുഡിഎഫ് ധാരണയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നിലും അദ്ദേഹം കൂടുതല്‍ പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 ഉം നേടിയ യു.ഡി.എഫിന് മത്സരം കടുക്കുമ്പോള്‍ അടി പതറുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. 19-ല്‍ എത്ര സീറ്റുകള്‍ കുറഞ്ഞാലും അത് യു.ഡി.എഫിന്റെ 2026-ലെ കേരള സ്വപ്നത്തെ കൂടിയാണ് ബാധിക്കുക. യു.ഡി.എഫ് ഉറപ്പായും വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന, മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ പോലും കടുത്ത മത്സരമാണ് ഇടതുപക്ഷം കാഴ്ചവയ്ക്കുന്നത്. 10 മുതല്‍ 15 സീറ്റുകള്‍ വരെയാണ് ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണ നേടിയ ഒന്നില്‍ നിന്നും എത്ര സീറ്റുകള്‍ കൂടുതല്‍ നേടിയാലും ഇടതുപക്ഷത്തെ സംബന്ധിച്ച് അത് വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കും. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതല്ല കേരളത്തില്‍ സീറ്റുകള്‍ കുറഞ്ഞാല്‍ അത് രാഹുല്‍ ഗാന്ധിയുടെ നിലനില്‍പ്പിനെയും ശരിക്കും ബാധിക്കും. 19 സീറ്റ് യു.ഡി.എഫിന് നേടി കൊടുത്ത രാഹുല്‍ ഗാന്ധിയുടെ കരുത്ത് കേരളത്തിലും നഷ്ടപ്പെട്ടതായ വിലയിരുത്തലുകളാണ് അപ്പോള്‍ പുറത്തു വരിക. നെഹറു കുടുംബത്തിന് കോണ്‍ഗ്രസ്സിലുള്ള ആധിപത്യത്തിനും അതോടെ അവസാനമാകാനാണ് സാധ്യത.

Top