മധ്യപ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് വലിയ തിരിച്ചടിയായതായി വിലയിരുത്തൽ. ബീഹാറിലെ സിറ്റിങ് സീറ്റായ ബങ്കിപൂരിൽ പ്രശാന്ത് കിഷോറിനോടേറ്റ പരാജയം പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഈ വിജയം. ചോദ്യപേപ്പർ ചോർച്ച, യു.ജി.സി ചട്ടങ്ങളിലെ പരിഷ്കാരങ്ങൾ, വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
സവർണ്ണ വോട്ടുകൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിലെ ഈ അപ്രതീക്ഷിത തിരിച്ചടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ സംസ്ഥാന നേതൃത്വത്തോട് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. പരാജയത്തിന്റെ ആഴം വ്യക്തമായതോടെ വിഷയങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അവലോകനം ചെയ്യുകയും, മുൻ മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുമായി ചർച്ചകൾ നടത്തുകയും ചെയ്തു.
മധ്യപ്രദേശിലെ ദാതിയ മണ്ഡലത്തിലെ പരാജയത്തിന് കാരണം പാർട്ടിക്കുള്ളിലെ വിഭാഗീയതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആറ് തവണ എം.എൽ.എ ആയിരുന്ന നരോതം മിശ്രയ്ക്ക് ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തു വന്നിരുന്നു. ഇതാണ് പരാജയത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിനെ തുടർന്ന്, ദാതിയയിലെ ജില്ലാ ഘടകം മുതൽ കീഴ്ഘടകം വരെയുള്ള മുഴുവൻ കമ്മിറ്റികളും ബിജെപി പിരിച്ചുവിട്ടു. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേതാക്കൾക്കെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.






