തിരുവനന്തപുരം: ബിജെപി എംഎൽഎമാർ നാളെ നിയമസഭയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തുന്നത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം. നാളെ രാവിലെ 8 മണിക്ക് കെജി മാരാർ ഭവനിൽ നിന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുറപ്പെടും. ബിജെപി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് എംഎൽഎമാർ നിയമസഭയിലെത്തുക. കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എൻഡിഎ നേതാക്കളായ ബി. ഗോപകുമാർ, പദ്മകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകും. സത്യപ്രതിജ്ഞാ ചടങ്ങുകൾ സംസ്ഥാനത്തുടനീളം പ്രവർത്തകർ ആഘോഷപൂർവ്വം കൊണ്ടാടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി, നിയമസഭയിലെ ആദ്യ ബിജെപി അംഗമായ ഒ. രാജഗോപാലിനെ സന്ദർശിച്ച് നിയുക്ത നേമം എംഎൽഎ കൂടിയായ രാജീവ് ചന്ദ്രശേഖർ അനുഗ്രഹം തേടി. തുടർന്ന് എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനത്തെത്തി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നേമത്തെ വിജയത്തിന്റെ ഭാഗമായി നാളെ വൈകിട്ട് എസ്റ്റേറ്റ് വാർഡ്, കരുമം വാർഡ്, കാലടി വാർഡ് എന്നിവിടങ്ങളിൽ നന്ദി നേമം പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.






