‘ബിജെപി ഭരണം നടത്തുന്നത് മറ്റ് പാർട്ടികളിൽ നിന്ന് ‘കടമെടുത്ത’ അംഗങ്ങളെ വെച്ച്’; ഉദ്ധവ് താക്കറെ

ശിവസേന (യുബിടി) പക്ഷത്ത് കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെ, നിർണ്ണായക പ്രഖ്യാപനവുമായി പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ

‘ബിജെപി ഭരണം നടത്തുന്നത് മറ്റ് പാർട്ടികളിൽ നിന്ന് ‘കടമെടുത്ത’ അംഗങ്ങളെ വെച്ച്’; ഉദ്ധവ് താക്കറെ
‘ബിജെപി ഭരണം നടത്തുന്നത് മറ്റ് പാർട്ടികളിൽ നിന്ന് ‘കടമെടുത്ത’ അംഗങ്ങളെ വെച്ച്’; ഉദ്ധവ് താക്കറെ

ശിവസേന (യുബിടി) പക്ഷത്ത് കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെ, നിർണ്ണായക പ്രഖ്യാപനവുമായി പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ. അധികാരമോഹിയല്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ്, പാർട്ടി പ്രവർത്തകർക്ക് തന്നിൽ വിശ്വാസമില്ലെന്ന് തോന്നിയാൽ ഈ നിമിഷം അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് തുറന്നടിച്ചു.

ഡൽഹിയിൽ നടന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ ഒൻപത് ലോക്സഭാ എംപിമാരിൽ മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. അർവിന്ദ് സാവന്ത്, രാജഭാഭു വാജെ, അനിൽ ദേശായി എന്നിവർ മാത്രമാണ് യോഗത്തിൽ എത്തിയത്. യോഗത്തിൽ നിന്ന് വിട്ടുനിന്ന ആറ് എംപിമാർക്ക് പാർട്ടി നേതൃത്വം നോട്ടീസ് അയച്ചു. നാഗേഷ് ആഷ്ടികർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിന പാട്ടീൽ, ഓം പ്രകാശ് രാജെ നിംബാൽക്കർ, ഭാവസാഹേബ് വാക്ചൗർ എന്നിവർ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം. നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകും.
കൂറുമാറാൻ തയ്യാറെടുക്കുന്നവരെ വഞ്ചകരെന്നാണ് ഉദ്ധവ് വിശേഷിപ്പിച്ചത്. ഇവർക്ക് യഥാർത്ഥ കാവി പതാക കൈകളിൽ പിടിക്കാൻ കഴിയില്ലെന്നും മറാത്തി ജനതയ്ക്ക് നീതി നൽകാൻ രൂപീകരിച്ച പാർട്ടിയെ ഇവർ ഒറ്റുകൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ALSO READ; ഈ ഗ്രാമം ഇന്ത്യയിലാണ്, പക്ഷേ പ്രവേശിക്കാൻ പ്രത്യേക അനുമതി വേണം..! ഇവിടെ ഇന്ത്യൻ കറൻസിയും ഉപയോഗിക്കാനാവില്ല

ബിജെപി ഭരണം നടത്തുന്നത് മറ്റ് പാർട്ടികളിൽ നിന്ന് ‘കടമെടുത്ത’ അംഗങ്ങളെ വെച്ചാണെന്ന് ആരോപിച്ച ഉദ്ധവ്, പ്രതിപക്ഷ പാർട്ടികൾ ബിജെപി നേതാക്കളെ കൂറുമാറ്റാൻ ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തണമെന്ന് ആഹ്വാനം ചെയ്തു, വഞ്ചകർക്ക് വോട്ട് ചെയ്ത വോട്ടർമാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവ് പക്ഷത്തുനിന്ന് നിരവധി എംപിമാരും എംഎൽഎമാരും ഏകനാഥ് ഷിന്ദേയുടെ ശിവസേനയിലേക്ക് ചേക്കേറുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ഉദ്ധവിന്റെ ഈ പ്രഖ്യാപനം. പിന്തുണയ്ക്കുന്ന ശിവസൈനികർ കൂടെയുള്ളിടത്തോളം കാലം ഏത് വെല്ലുവിളിയെയും നേരിടുമെന്ന് വ്യക്തമാക്കിയ ഉദ്ധവ്, താൻ അധികാരത്തിന് പിന്നാലെ പോകുന്ന ആളല്ലെന്നും ബാൽ താക്കറെയുടെ പാതയാണ് തന്റേതെന്നും ആവർത്തിക്കുന്നു. മഹാരാഷ്ട്രയിലെ ഈ രാഷ്ട്രീയ പ്രതിസന്ധി ഇന്ത്യ സഖ്യത്തിന് വലിയ തിരിച്ചടിയാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. താൻ ഒഴിഞ്ഞുപോയാലും തന്റെ പാർട്ടിയുടെ അന്തസ്സ് കളയാൻ ആരെയും അനുവദിക്കില്ലെന്ന ഉദ്ധവിന്റെ നിലപാട് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Share Email
Top