രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയിൽ കപിൽ മിശ്രയും

70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്

രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയിൽ കപിൽ മിശ്രയും
രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയിൽ കപിൽ മിശ്രയും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 2019ൽ പാർട്ടിയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട മുൻ ആം ആദ്മി പാർട്ടി എം.എൽ.എ കപിൽ മിശ്രയെ കരാവൽ നഗർ എം.എൽ.എ മോഹൻ സിങ് ബിഷ്ടിന് പകരം ബി.ജെ.പി മത്സരിപ്പിക്കും. ഡൽഹി മുൻ മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മോത്തി നഗറിൽ മത്സരിക്കും. കൂടാതെ ആം ആദ്മി പാർട്ടിയുടെ മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ ബി.ജെ.പി നേതാവ് കർണയിൽ സിങ് ഷക്കൂർ ബസ്തിയിൽ മത്സരിക്കും.

ബി.ജെ.പിയുടെ രണ്ടാം പട്ടികയിൽ മാത്യ മഹലിൽ നിന്നുള്ള ദീപ്തി ഇൻഡോറയും നജഫ്ഗഡിൽ നിന്നുള്ള നീലം പഹൽവാനും ഉൾപ്പെടെ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. രണ്ട് ലിസ്റ്റുകളിലുമായി ആകെ ഏഴ് സ്ത്രീകളെയാണ് പാർട്ടി മത്സരിപ്പിക്കുക. ഏഴ് സിറ്റിങ് എം.എൽ.എമാരിൽ രണ്ട് പേരെ പാർട്ടി മാറ്റി.

Also Read: എൽഡിഎഫ് വിടില്ല: കെ പി മോഹനൻ

70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. 1998ൽ ഡൽഹി ഭരണം പിടിക്കുകയും 2015ലെയും 2020ലെയും തിരഞ്ഞെടുപ്പിൽ മൂന്നും എട്ടും സീറ്റുകൾ നേടുകയും ചെയ്ത ബി.ജെ.പി, 70 അംഗ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

അതേ സമയം എ.എ.പി മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് ഇതുവരെ 48 സ്ഥാനാർത്ഥികളുടെ പേരുകൾ പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 5നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക.

Share Email
Top