കോൺഗ്രസ്സിനെ ‘പൂട്ടാൻ’ പുതിയ നീക്കവുമായി ബി.ജെ.പി, കേന്ദ്ര ഏജൻസികളും സജീവമാകും, കർണ്ണാടകയിലും ‘കരുതൽ’

കോൺഗ്രസ്സിനെ ‘പൂട്ടാൻ’ പുതിയ നീക്കവുമായി ബി.ജെ.പി, കേന്ദ്ര ഏജൻസികളും സജീവമാകും, കർണ്ണാടകയിലും ‘കരുതൽ’

രാജ്യത്ത് കോൺഗ്രസ്സ് ഭരിക്കുന്നത് ആകെ മൂന്നു സംസ്ഥാനങ്ങൾ മാത്രമാണ്. ഹിമാചൽ പ്രദേശ്, കർണ്ണാടക, തെലങ്കാന സംസ്ഥാനങ്ങൾ ആണിത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോൺഗ്രസ്സ് ഭരണം അട്ടിമറിച്ച് അവിടെ അധികാരത്തിൽ എത്തുക എന്നതാണ് ബി.ജെ.പിയുടെ പുതിയ അജണ്ട. ലോകസഭ സ്പീക്കർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതിനായി അവർ ഇപ്പോൾ കരുക്കൾ നീക്കി കൊണ്ടിരിക്കുകയാണ്. പാർലമെൻ്റ് സമ്മേളനം അവസാനിക്കുന്നതോടെ ഈ നീക്കങ്ങൾക്കും വേഗതയേറും.

കോൺഗ്രസ്സിലെ അതൃപ്തരെ ഒപ്പം നിർത്തി ഭരണം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നത്. ലോകസഭയിൽ പ്രതിപക്ഷത്തിന് കരുത്ത് കൂടിയെങ്കിലും അതൊന്നും തന്നെ ബി.ജെ.പിയെ പിറകോട്ടടിപ്പിച്ചിട്ടില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് വിട്ടു നൽകില്ലെന്ന് പറഞ്ഞതിലൂടെയും ലോകസഭ സ്പീക്കർ പദവിയിലേക്ക് മത്സരം നടക്കട്ടെ എന്ന നിലപാട് എടുത്തതിലൂടെയും ബി.ജെ.പിയുടെ ആത്മവിശ്വാസമാണ് പ്രകടമായിരിക്കുന്നത്. സ്പീക്കർ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നോട്ട് വച്ച സ്ഥാനാർത്ഥിയെ ശബ്ദവോട്ടോടെയാണ് തിരഞ്ഞെടുത്തിരുന്നത്. ഇവിടെ മറ്റു തരത്തിലുള്ള വോട്ടെടുപ്പാണ് നടന്നതെങ്കിൽ പ്രതിപക്ഷത്തെ പല വോട്ടുകളും ഓം ബിർളയുടെ പെട്ടിയിൽ വീഴുമായിരുന്നു എന്നതാണ് യാഥാർഥ്യം. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് അത്തരമൊരു സാഹസത്തിന് കോൺഗ്രസ്സ് മുതിരാതിരുന്നിരുന്നത്.

സ്പീക്കർ സ്ഥാനാർത്ഥിയെ കോൺഗ്രസ്സ് ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ഇന്ത്യാ സഖ്യത്തിലെ പ്രമുഖ പാർട്ടികൾക്കിടയിൽ ശക്തമായ എതിർപ്പിനാണ് കാരണമായിരുന്നത്. ഇതും ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച ഘടകമാണ്. നിലവിൽ 300-ൽ പരം അംഗങ്ങളുടെ പിന്തുണ നരേന്ദ്ര മോദി സർക്കാറിനുണ്ട്. ജെ.ഡി.യുവും ടി.ഡി.പിയും മുന്നണി വിട്ടു പോയാൽ പോലും സർക്കാറിന് ഭീഷണിയാകില്ലന്ന് ബി.ജെ.പി നേതൃത്വം ഉറപ്പിക്കുന്നത് തന്നെ മറ്റു ചില പിന്തുണ ഉറപ്പിച്ചതു കൊണ്ടാണ്. ബി.ജെ.പിയുമായി ഇത്തരത്തിൽ അന്തർധാര ഉള്ള പാർട്ടികളെ കുറിച്ച് രാഹുൽ ഗാന്ധിക്കും ഇപ്പോൾ നല്ലപോലെ ബോധ്യമുണ്ട്.

കോൺഗ്രസ്സ് എം.പിമാരെ പിളർത്താൻ ബി.ജെ.പി തയ്യാറാകുമോ എന്ന ഭയവും രാഹുലിന് നിലവിലുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനു തൊട്ട് മുൻപ് അദ്ദേഹത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത നടപടി പ്രതിപക്ഷത്തെ ശരിക്കും ഞെട്ടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ അംഗങ്ങളെ ഭയപ്പെടുത്താനുള്ള നീക്കമായാണ് ഇത്തരമൊരു നീക്കത്തെ കോൺഗ്രസ്സ് നേതൃത്വം നോക്കി കാണുന്നത്.

മുൻപ് കർണ്ണാടകയിലെ ബി.ജെ.പി സർക്കാർ പ്രതിസന്ധിയിൽ ആയപ്പോൾ പ്രതിപക്ഷ എം.എൽ.എമാരെ രാജിവയ്പ്പിച്ചും പിന്നീട് അവരെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്ത ചരിത്രം ബി.ജെ.പിക്കുണ്ട്. കൂറുമാറ്റ നിയമം മറി കടക്കാൻ ഇത്തരം തന്ത്രങ്ങൾ ഇനിയും ബി.ജെ.പി പയറ്റാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. അതു മാത്രമല്ല, പാർലമെൻ്റ് സമ്മേളനം അവസാനിക്കുന്നതോടെ കേന്ദ്ര ഏജൻസികളുടെ നീക്കവും വേഗത്തിൽ ആകാനാണ് സാധ്യത. നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇവർക്കെതിരെ തുടർന്നും കടുത്ത നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലവിലുണ്ട്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വദ്രയും നിലവിൽ ഇ.ഡി കേസിൽ പ്രതിയാണ്. ഇദ്ദേഹത്തിനെതിരെയും കൂടുതൽ അന്വേഷണങ്ങൾക്ക് കേന്ദ്ര ഏജൻസികൾ നീക്കം നടത്തിയേക്കും.

കഴിഞ്ഞ 10 വർഷം അധികാരത്തിൽ ഇരുന്ന നരേന്ദ്രമോദി സർക്കാറിന് അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള പകയാണ് ഇപ്പോൾ പ്രതിപക്ഷ നേതൃത്വത്തിനോട് ഉള്ളത്. അതിന് പ്രധാന കാരണം ഇന്ത്യാ സഖ്യം രൂപീകരിച്ച് കടുത്ത പ്രതിരോധം തീർത്തതു കൊണ്ടു മാത്രമാണ്. 400 സീറ്റെന്ന ബി.ജെ.പിയുടെ സ്വപ്നം തകർത്തതിലും നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ച് മോദിക്ക് നാണക്കേട് ഉണ്ടാക്കിയതിലും കേന്ദ്രത്തിന് കടുത്ത രോക്ഷമുണ്ട്.

ഇതെല്ലാം തീർക്കാൻ കേന്ദ്ര ഏജൻസികളെ മോദി സർക്കാർ ഉപയോഗിച്ചാൽ വലിയ വിലയാണ് പ്രതിപക്ഷ പാർട്ടികൾക്ക് നൽകേണ്ടി വരിക. ഘടക കക്ഷികൾക്ക് വഴങ്ങി ഒരു നിലപാടും മാറ്റില്ലന്ന സന്ദേശവും ഇതിനകം തന്നെ ബി.ജെ.പി നേതൃത്വം ജെ.ഡി.യു – ടി.ഡി.പി നേതൃത്വങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്പീക്കർ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട ടി.ഡി.പി ഈ നീക്കത്തിൽ നിന്നും പിൻമാറിയതും ബി.ജെ.പിയുടെ മാറിയ ഈ മുഖഭാവം കണ്ടാണ്. കേന്ദ്ര ഏജൻസികൾ പിടി മുറുക്കിയാൽ ഈ രണ്ട് പാർട്ടികൾക്കും നഷ്ടപ്പെടാൻ ഏറെയുണ്ട്. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ വൈ.എസ്. ആർ കോൺഗ്രസ്സിന് ലോകസഭയിൽ 4 പേരും രാജ്യസഭയിൽ 11 പേരുമുണ്ട്. ടി.ഡി.പി മോദിയെ കൈവിട്ടാൽ മോദിക്ക് ആദ്യം കൈ കൊടുക്കാൻ പോകുന്നതും വൈ.എസ്. ആർ കോൺഗ്രസ്സ് ആയിരിക്കും. ഇതും ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരിച്ചറിയുന്നുണ്ട്. അതു കൊണ്ടു തന്നെ ബി.ജെ.പിയെ പിണക്കാതിരിക്കുക എന്ന തന്ത്രമാണ് അദ്ദേഹം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷത്തെ ശിഥിലമാക്കാനുള്ള നീക്കത്തിൻ്റെ തുടക്കം കർണ്ണാടകയിൽ നിന്നും തുടങ്ങാനാണ് ബി.ജെ.പി ഇപ്പോൾ പദ്ധതി തയ്യാറാക്കുന്നത്. അതിനായുള്ള അവസരം കോൺഗ്രസ്സ് തന്നെയാണ് ബി.ജെ.പിക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ക‍ർണാടക കോൺഗ്രസിൽ ശക്തമായ നേതൃതർക്കമാണ് ഉണ്ടായിരിക്കുന്നത്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ചന്നാഗിരി എംഎൽഎ ബസവരാജു ശിവഗംഗയാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് കോൺഗ്രസിന് ഭരണം കിട്ടിയപ്പോൾ അഞ്ച് വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നു. ഇപ്പോൾ ഒന്നരവർഷമായി സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇനി ഭരണം മാറട്ടെയെന്നും ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാവട്ടെയെന്നുമാണ് ചന്നാഗിരി എംഎൽഎ ആവശ്യപ്പെടുന്നത്.

കൂടുതൽ സമുദായങ്ങൾക്ക് പ്രാതിനിധ്യം കിട്ടുന്ന തരത്തിൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ വേണമെന്നും ബസവരാജു ശിവഗംഗ ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാക്ക ദളിത് വിഭാഗങ്ങളിലെ മന്ത്രിമാർ ഉപമുഖ്യമന്ത്രിപദവിയിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഏഴ് മന്ത്രിമാരാണ് ഈ ആവശ്യവുമായി ഇപ്പോൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വൊക്കലിഗ വിഭാഗത്തിൽപ്പെട്ട ഡി കെ ശിവകുമാറിന് മാത്രമല്ല ലിംഗായത്ത് വിഭാഗത്തിൽ നിന്നും ഉപമുഖ്യമന്ത്രി വേണമെന്നും ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ ചേർന്ന കർണ്ണാടക പി.സി.സി യോഗത്തിൽ ഈ വിഷയം സജീവ ചർച്ചയായിട്ടുണ്ട്. അന്തിമതീരുമാനം ഹൈക്കമാൻഡിന് വിടാനായിരുന്നു അന്നത്തെ യോഗതീരുമാനം. ഇതിനിടെയാണ് ഒരു കോൺഗ്രസ് എംഎൽഎ തന്നെ ഇപ്പോൾ ഡി കെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത് ഡി.കെ ശിവകുമാറിൻ്റെ അറിവോടെ ആണെന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംശയിക്കുന്നത്. ഡി.കെയെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് ശ്രമിച്ചാൽ പാർട്ടി തന്നെ പിളരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. അത്തരമൊരു ഘട്ടത്തിൽ ഒരു വിഭാഗത്തെ ഒപ്പം നിർത്തി കോൺഗ്രസ്സ് ഭരണം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുക. തെലങ്കാനയിലും സമാന സാഹചര്യം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കർണ്ണാടകയിലും തെലങ്കാനയിലും ഹിമാചൽപ്രദേശിലും ലോകസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മുന്നേറ്റം നടത്തിയത് ബി.ജെ.പി ആയതിനാൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നാൽ അധികാരത്തിൽ വരുമെന്ന പ്രതീതി സൃഷ്ടിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. പ്രതിപക്ഷ എം.എൽ.എമാരെ വലവീശി പിടിക്കാൻ ഈ കണക്കുകൾ തന്നെയാണ് ബി.ജെ.പി പ്രധാന ആയുധമായി പരീക്ഷിക്കുന്നത്. ഈ നീക്കം ഫലം കണ്ടാൽ ദക്ഷിണേന്ത്യയും കോൺഗ്രസ്സ് മുക്തമാകാനാണ് സാധ്യത.

EXPRESS KERALA VIEW

Top