ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയെ അധികാരത്തിൽ നിന്ന് ഇറക്കിയതിന്‍റെയും ബി.ജെ.പി മുന്നേറ്റം ഉറപ്പാക്കുന്നതിന്‍റെയും പൂർണ ഉത്തരവാദിത്വം കോൺഗ്രസിനാണെന്ന് ഇന്ത്യൻ നാഷണൽ ലീഗ് (ഐ.എൻ.എൽ). കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു പരിധിവരെ വിജയിച്ച ഇന്ത്യാ സഖ്യം പരീക്ഷണത്തെ അട്ടിമറിച്ച് കോൺഗ്രസ് ഒറ്റക്ക് മത്സരിക്കാൻ ശ്രമിച്ചതാണ് ഡൽഹിയിൽ കാവി രാഷ്ട്രീയത്തിന്‍റെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
മതേതര വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ ബി.ജെ.പിക്ക് നിഷ്പ്രയാസം ജയിച്ചു കയറാൻ കഴിഞ്ഞു. മതേതര കക്ഷികളായ എസ്.പിയും തൃണമുൽ കോൺഗ്രസും മറ്റും ആംആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ആംആദ്മി പാർട്ടിക്ക് എതിരെയായിരുന്നു മുഖ്യമായും പ്രചരണം നടത്തിയിരുന്നത്. കെജ്‌രിവാളിനെ പരാജയപ്പെടുത്തേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന രീതിയിലാണ് കോൺഗ്രസ് പെരുമാറിയത്.
Also Read: ഡൽഹി വോട്ട് ചെയ്തത് മാറ്റത്തിന്; പ്രിയങ്ക ഗാന്ധി
ഒരൊറ്റ സീറ്റിലും ജയിക്കാനാകാതെ ദയനീയമായി പരാജയപ്പെട്ടതു തന്നെ കോൺഗ്രസിന് ജനം നൽകിയ ശിക്ഷയാണ്. 12 സംവരണ സീറ്റുകളിൽ എട്ടിലും കെജ്‌രിവാളിന്റെ പാർട്ടി ജയിച്ചത് സാധാരണക്കാർക്കിടയിൽ ഇപ്പോഴും സ്വാധീനമുണ്ടെന്നതിന്‍റെ തെളിവാണ്. അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കെള്ളുന്നില്ല എന്നതാണ് കോൺഗ്രസിന്‍റെ ഏറ്റവും വലിയ തോൽവി.
ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ മതേതര കക്ഷികൾ ഒരുമിച്ച് മുന്നേറണമെന്ന ആശയത്തെ അതിന് നേതൃത്വം നൽകേണ്ട കോൺഗ്രസ് തന്നെയാണ് പരാജയപ്പെടുത്തിയത്. ഈ ജനവിധി മതേതര ഇന്ത്യയുടെ ഭാവിക്ക് കരിനിഴൽ വീഴ്ത്തുമെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.