ഇംഫാൽ: ഏറെ വിവാദങ്ങൾക്കൊടുവിൽ രാജിവച്ച മണിപ്പുർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേൻ സിങ്ങിനെ രാജ്യസഭയിലേക്ക് അയയ്ക്കുമെന്ന അഭ്യൂഹം ശക്തമായി തന്നെ തുടരുന്നു. ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാർ ദേബിനെ രാജ്യസഭയിലേക്ക് അയച്ച മാതൃക നിലവിൽ മണിപ്പുരിലും തള്ളിക്കളയാനാവില്ലെന്ന് മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.
കാലാവധി പൂർത്തിയാക്കുന്നതിന് ഒരു വർഷം മുൻപായിരുന്നു ബിപ്ലവ് കുമാറിന് രാജിവയ്ക്കേണ്ടി വന്നത്. അമേരിക്ക സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തിയ പ്രധാനമന്ത്രി മണിപ്പുരിലെ സ്ഥിതി വിശകലനം ചെയ്തതായി ബിജെപി നേതാക്കൾ പറഞ്ഞു. മണിപ്പുർ ബിജെപിയിലെ മുതിർന്ന നേതാക്കൾ അടുത്ത ദിവസം ഡൽഹിയിലേക്കു പോകും. പുതിയ മുഖ്യമന്ത്രിയെ വൈകാതെ നിശ്ചയിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
Also Read : ‘യുഡിഎഫ് ആണോ അതോ എൽഡിഎഫോ; ശശി തരൂർ അക്കാര്യം സമ്മതിക്കണം: കെ സുരേന്ദ്രൻ
ബിജെപിയിൽ ചർച്ചകൾ മുറുകുന്നു

അവിശ്വാസ പ്രമേയം നിരാകരിക്കില്ലെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് ബിജെപി നേതൃത്വം ബിരേൻ സിംഗിന്റെ രാജിക്ക് വഴങ്ങിയത്. മണിപ്പുരിൽ സംഘർഷം ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി സ്ഥാനം എൻ ബിരേൻ സിംഗ് രാജിവെച്ചത്. ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടതിന് ശേഷമാണ് ഗവർണർക്ക് രാജിക്കത്ത് നൽകിയത്. മണിപ്പുരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിംഗാണ് എന്ന ആരോപണം തുടക്കം തൊട്ട് ശക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്നപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ് അവിശ്വാസ പ്രമേയം ബിരേന് സർക്കാരിനെതിരെ നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാർട്ടി കേന്ദ്ര നേതൃത്വം തിടുക്കത്തിൽ രാജിക്കുള്ള നിർദ്ദേശം നല്കിയത്.
Also Read : ‘പത്തു നാൽപ്പത് കൊല്ലമായി പൊതുപ്രവർത്തകനല്ലേ’..പി.സി.ജോർജിനോട് കോടതി
ബീരേൻ സിംഗിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻസിംഗിൻറെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തിയത്.






