കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖമായി അറിയപ്പെടുന്ന സി.പി.ഐയിൽ ഉൾപ്പാർട്ടി ജനാധിപത്യം തകർത്ത് ഏകാധിപത്യ ഭരണം ഉറപ്പിക്കാൻ എത്തിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉൾപാർട്ടി ജനാധിപത്യമാണ് കമ്യൂണിസ്റ്റ് പാർട്ടികൾ ഉയർത്തിപ്പിടിക്കുന്നത്. പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിക്കരുതെന്ന നിർദ്ദേശം അടിച്ചേൽപ്പിച്ചാണ് ബിനോയ് വിശ്വം ഉൾപാർട്ടി ജനാധിപത്യം തന്നെ ഇല്ലാതാക്കുന്നത്.
പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ചാൽ അച്ചടക്ക നടപടികൾ എടുക്കരുതെന്ന കീഴ്‌വഴക്കം പോലും ലംഘിച്ച് മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലെ സസ്‌പെന്റ് ചെയ്ത്, തന്റെ നേതൃത്വം അംഗീകരിക്കുന്നവർ മതി സി.പി.ഐയിൽ എന്ന സന്ദേശമാണ് ബിനോയ് വിശ്വം നൽകുന്നത്. ജനാധിപത്യ വാദി, പരിസ്ഥിതി സ്‌നേഹി, ഫാസിസ്റ്റ് വിരുദ്ധൻ എന്നിങ്ങനെ അലങ്കാരങ്ങൾ സ്വയം മേലങ്കിയായി അണിയുന്ന ബിനോയ് വിശ്വമാണ് സി.പി.ഐയുടെ ചരിത്രത്തിൽ ഒരു സംസ്ഥാന സെക്രട്ടറിയും കാണിക്കാൻ ധൈര്യപ്പെടാത്ത ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നത് എന്നാണ്, ഉയർന്നു വരുന്ന ആക്ഷേപം.
Also Read: അമേരിക്ക ഏത് നിമിഷവും നിലംപതിക്കും, സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമ്മനി

പാർട്ടിയിൽ സ്വന്തം മേധാവിത്വം ഉറപ്പിക്കുമ്പോഴും സി.പി.ഐ നിലപാട് ഇടതുമുന്നണി യോഗത്തിൽ ഉയർത്താനോ സർക്കാരിനെ തിരുത്തിക്കാനോ. സെക്രട്ടറി എന്ന നിലക്ക് ബിനോയ് വിശ്വത്തിന് കഴിയുന്നുമില്ല. പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി വേണ്ടെന്ന പരസ്യമായ നിലപാടാണ് ബിനോയ് വിശ്വം ഉയർത്തിയത്. ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ ബ്രൂവറി അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിനെതിരെയും ശക്തമായ പ്രതിഷേധം അദ്ദേഹം അറിയിച്ചിരുന്നു. ഈ നിലപാടിൽ സി.പി.എം നേതൃത്വത്തിനും കടുത്ത അമർഷമുണ്ട്. മുന്നണിയിൽ നിന്നു കൊണ്ട് ഇത്തരം നിലപാട് സി.പി.ഐ സ്വീകരിക്കുന്നത് ശരിയല്ലന്നതാണ് സി.പി.എമ്മിൻ്റെ നിലപാട്.
പാലക്കാട് ജില്ലയിലെ കുടിവെള്ള ക്ഷാമമവും ഭൂഗർഭ ജലശോഷണവും ചൂണ്ടിക്കാട്ടി സി.പി.ഐ പാലക്കാട് ജില്ലാ ഘടകമാണ് ആദ്യം എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനുമതി നൽകരുതെന്ന നിലപാട് സ്വീകരിച്ചിരുന്നത്. തുടർന്നാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് ബ്രൂവറി എലപ്പുള്ളിയിൽ വേണ്ട എന്ന കടുത്ത നിലപാട് സ്വീകരിച്ചത്. എന്നാൽ, സി. പി.എമ്മും മുഖ്യമന്ത്രിയും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ, സി.പി.ഐയുടെ പുതുക്കിപ്പണിത ആസ്ഥാനമന്ദിരമായ എം.എൻ സ്മാരകത്തിൽ ചേർന്ന ആദ്യ ഇടതുമുന്നണി യോഗത്തിൽ തന്നെ, ബ്രൂവറി എലപ്പുള്ളിയിൽ തന്നെ എന്ന നിലപാട് സി.പി.ഐക്കും അംഗീകരിക്കേണ്ടി വന്നിരുന്നു.
Also Read: പ്രധാന വ്യാപാര പങ്കാളിയും, സാമ്പത്തിക ശേഷിയും, കുതിപ്പില്‍ ഇറാന്‍

ബ്രൂവറി എലപ്പുള്ളിയിൽ നിന്നും മറ്റെവിടേക്കെങ്കിലും മാറ്റിക്കൂടേ എന്ന സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അപേക്ഷ പോലും, മുഖ്യമന്ത്രിയും ഇടതുമുന്നണിയും പരിഗണിച്ചിരുന്നില്ല. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു സി.പി.ഐ സെക്രട്ടറിക്കും നേരിടേണ്ടി വരാത്ത അപമാനമാണ്, ഇതോടെ ബിനോയ് വിശ്വത്തിന് അനുഭവിക്കേണ്ടി വന്നിരുന്നത്. ഇതിന് മുമ്പ് തൃശൂർപൂരം കലക്കലിലും, ആർ.എസ്.എസ് നേതാവിനെ കണ്ട എ.ഡി.ജി.പി സർവീസിലുണ്ടാകില്ലെന്നുമുള്ള ബിനോയ് വിശ്വത്തിന്റെ പ്രസ്താവനകൾക്കും, ഇടതുപക്ഷത്ത് കടലാസിന്റെ വിലപോലുമുണ്ടായിരുന്നില്ല.
സി.പി.എമ്മിനു മുന്നിൽ ആത്മാഭിമാനം പണയപ്പെടുത്തി നിലപാട് വിഴുങ്ങിയ ബിനോയ് വിശ്വത്തിനു പകരം, സി.പി.ഐ സെക്രട്ടറി വെളിയം ഭാർഗനോ, സി.കെ ചന്ദ്രപ്പനോ ആയിരുന്നെങ്കിലെന്നാണ്, സി.പി.ഐയിലെ ഒരു വിഭാഗം ബിനോയ് വിശ്വത്തെ ഓർമ്മപ്പെടുത്തുന്നത്. ചില വിഷയങ്ങളിൽ സാക്ഷാൽ വി.എസ് അച്യുതാനന്ദനെയും പിണറായിയെയും വരെ തിരുത്തിപ്പിച്ച കർക്കശക്കാരായിരുന്നു വെളിയം ആശാനും ചന്ദ്രപ്പനുമെന്നാണ്, ഈ വിഭാഗത്തിൻ്റെ വാദം. സി.പി.ഐയുടെ നിലപാടിനൊപ്പം നിന്നവരായിരുന്നു ഈ നേതാക്കൾ. ഒരിക്കലും ഉൾപ്പാർട്ടി ജനാധിപത്യം ഇല്ലാതാക്കാനോ പാർട്ടി പിടിച്ച് സ്വന്തമാക്കാനോ വെളിയവും ചന്ദ്രപ്പനും ശ്രമിച്ചിരുന്നില്ല. അതുകൊണ്ടാണ് ബിനോയ് വിശ്വത്തിന് എം.എൽ.എയും മന്ത്രിയും രാജ്യസഭാംഗവുമൊക്കെയായി മാറാൻ കഴിഞ്ഞതെന്നതും, സി.പി.ഐയിലെ എതിർ ചേരി ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവനകൾ ചെയ്ത മികച്ച മുഖ്യമന്ത്രിയായി വാഴ്ത്തുന്ന സി. അച്യുതമേനോനെ സംഭാവന ചെയ്ത പാർട്ടിയാണ് സി.പി.ഐ.
Also Read: കരുനീക്കവുമായി ഇറാനും ചൈനയും, കുരുക്കില്‍പ്പെട്ട് അമേരിക്ക

എം.എൻ ഗോവിന്ദൻനായർ, ടി.വി തോമസ്, പി.കെ വാസുദേവൻ നായർ, ഇ. ചന്ദ്രശേഖരൻനായർ തുടങ്ങി പ്രഗൽഭമതികളായ ഒട്ടേറെ നേതാക്കൻമാർ നയിച്ച പാർട്ടിയാണ് സി.പി.ഐ.
സി.പി.ഐ സമ്മേളനങ്ങൾക്ക് മുമ്പ് നടപടികളും കൂട്ട വെട്ടിനിരത്തലുമാണ് അരങ്ങേറുന്നത്. മുൻ റവന്യൂ മന്ത്രിയും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിയും മൂന്നു തവണ എം.എൽ.എയുമായിരുന്നു കെ.ഇ ഇസ്മായിലിനെയാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ 6 മാസത്തേക്ക് പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തത്. മുൻ മന്ത്രി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിനാണ് ഇസ്മയിലിനെ സസ്‌പെന്റ് ചെയ്തത്. മുൻ മന്ത്രി സി.ദിവാകരൻ, മുൻ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറിമാരായിരുന്ന സി.എൻ. ചന്ദ്രൻ, പ്രകാശ്ബാബു അടക്കമുള്ളവരെയെല്ലാം ഒതുക്കിയിരിക്കുകയാണ്.
Also Read: ആ മോഹം നടപ്പില്ല, ട്രംപിന്റെ കുതന്ത്രങ്ങള്‍ക്ക് പൂട്ടിടാന്‍ ചൈന
പാർട്ടിയിലെ സീനിയോറിറ്റിയും ഭൂരിപക്ഷ അഭിപ്രായവും മാനിക്കാതെയാണ് പ്രകാശ് ബാബുവിനെ തഴഞ്ഞ് പി.പി സുനീറിനെ രാജ്യസഭാംഗമാക്കിയത്. ബിനോയ് വിശ്വവും സുനീറും അടങ്ങുന്ന സംഘമാണ് ഇപ്പോൾ സി.പി.ഐയിൽ വെട്ടിനിരത്തൽ നടത്തുന്നത്. പാലക്കാട് പട്ടാമ്പിയിലെ വിഭാഗീയത പരിഹരിക്കാനും ബിനോയ് വിശ്വത്തിന് കഴിഞ്ഞിട്ടില്ല. പട്ടാമ്പിയിൽ സേവ് സി.പി.ഐ ഫോറവുമായി വലിയ വിഭാഗം നേതാക്കളും പ്രവർത്തകരും ഇടഞ്ഞ് നിൽക്കുകയാണ്.
മാത്രമല്ല, സി.പി.ഐ നേതൃത്വവും മന്ത്രിമാരും തമ്മിലുള്ള ഏകോപനവും നടക്കുന്നില്ല. ഇടതുമുന്നണിയിൽ ചർച്ചപോലുമില്ലാതെയാണ് പലകാര്യങ്ങളിലും മന്ത്രിസഭാ തീരുമാനമുണ്ടാകുന്നത് എന്ന വിമർശനവും ശക്തമാണ്. മുന്നണിയിലും മന്ത്രിസഭയിലും സി.പി.ഐയുടെ വാക്കിന് പഴയ പോലെ വിലയില്ലാത്ത കാലമാണ് ഇപ്പോഴുള്ളത്. റവന്യൂ, കൃഷി വകുപ്പ് മന്ത്രിമാർ ഒഴികെ സി. പി. ഐയുടെ മറ്റ് രണ്ട് മന്ത്രിമാരുടെയും പ്രവർത്തനങ്ങളിൽ ഇടതുമുന്നണിയിൽ പോലും വലിയ മതിപ്പില്ല. പാർട്ടിയിൽ ജനാധിപത്യം ഇല്ലാതാക്കി ബിനോയ് വിശ്വം ഏകഛത്രാധിപതിയാകുന്നതിൽ, സി.പി.ഐ അണികൾക്കിടയിലും വലിയ പ്രതിഷേധമുണ്ട്.
വീഡിയോ കാണാം…
Express View