പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകള്‍ ലക്ഷങ്ങള്‍; തീര്‍പ്പാക്കിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ഹോട്ടല്‍

പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകള്‍ ലക്ഷങ്ങള്‍; തീര്‍പ്പാക്കിയില്ലെന്ന പരാതിയുമായി മൈസൂരുവിലെ ഹോട്ടല്‍

ബെംഗളൂരു: മൈസൂരു സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകള്‍ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസണ്‍ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകള്‍ തീര്‍പ്പാക്കിയില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനം ഈ തുക നല്‍കണമെന്നാണ് കേന്ദ്ര നിലപാട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും (എന്‍ടിസിഎ) വനംവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്.

2023 ഏപ്രില്‍ 9 മുതല്‍ 11 വരെ മൂന്ന് കോടി രൂപ ചെലവില്‍ പരിപാടികള്‍ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തില്‍ നിന്നും ലഭിച്ച നിര്‍ദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, പരിപാടിയുടെ ആകെ ചെലവ് 6.33 കോടി രൂപയായി ഉയര്‍ന്നതോടെ അധികതുക നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. ഇതോടെ, മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കുടിശ്ശിക ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഹോട്ടല്‍ ബില്ലുകള്‍ ഉള്‍പ്പെട്ട തുക സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. അതിനിടെ, ഹോട്ടല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകള്‍ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് കത്ത് നല്‍കുകയായിരുന്നു.

കുടിശ്ശികയുടെ കാര്യം ആവര്‍ത്തിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ബില്ലുകള്‍ ഇപ്പോഴും അടച്ചിട്ടില്ലെന്ന് കത്തില്‍ പറയുന്നു. 12 മാസമായി തുക അടയ്ക്കാത്ത സാഹചര്യത്തില്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപ കൂടെ ബില്ലിനൊപ്പം അടയ്‌ക്കേണ്ടതുണ്ട്. 2024 ജൂണ്‍ ഒന്നിനകം വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹോട്ടല്‍ അധികൃതരുടെ തീരുമാനം. അതേസമയം, കേന്ദ്രസര്‍ക്കാര്‍ പരിപാടിയായതിനാല്‍ സംസ്ഥാനത്തിനോട് കുടിശ്ശിക തീര്‍ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം സംസ്ഥാനം തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ട്.

Top