പട്‌ന: രാജ്യശ്രദ്ധ ആകർഷിച്ച ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണായകമായ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 20 ജില്ലകളിലായി 122 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. 3.70 കോടി വോട്ടർമാരാണ് രണ്ടാംഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
1.95 കോടി പുരുഷ വോട്ടർമാരും 1.74 കോടി സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 45,399 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ നടക്കുന്ന വോട്ടെടുപ്പിൽ, പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.
രണ്ടാംഘട്ടത്തിൽ 1302 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സീമാബൽ, മഗധി, ശഹാബാദ് അടക്കമുള്ള നിർണ്ണായക മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനവിധി. മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കുന്ന എൻഡിഎ സർക്കാർ താഴെ വീഴുമോ അതോ തേജസ്വി യാദവ് നേതൃത്വം നൽകുന്ന മഹാസഖ്യം അധികാരത്തിലേറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇന്ന് വൈകുന്നേരത്തോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.
നേരത്തെ നടന്ന ഒന്നാംഘട്ടത്തിൽ 64.66 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായിരുന്നു ഇത്. 2020-നെ അപേക്ഷിച്ച് 8.5 ശതമാനമാണ് ഒന്നാംഘട്ടത്തിൽ വർദ്ധനവുണ്ടായത്. ബെഗുസരായിയിൽ 67.32 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, ഷെയ്ക്ക്പുരയിലായിരുന്നു ഏറ്റവും കുറവ് പോളിംഗ് (52.36 ശതമാനം).






