ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ആധിപത്യം തുടർന്ന് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കിയ ഓസീസ്, ഫൈനൽ സാധ്യതകൾ സജീവമാക്കി. അതേസമയം, ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയ ഇന്ത്യ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു.
നിലവിൽ എട്ട് മത്സരങ്ങളിൽ ഏഴ് ജയവുമായി 87.5 ശതമാനം പോയിന്റോടെയാണ് ഓസ്‌ട്രേലിയ തലപ്പത്തുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരിയ ന്യൂസിലൻഡ് 77.78 ശതമാനം പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയെ പരമ്പരയിൽ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് (75%) കുതിച്ചെത്തി. ശ്രീലങ്കയും പാകിസ്ഥാനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.
Also Read: മുസ്തഫിസുറിനെ തൊട്ടു, കളി മാറി! ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ്; ഐപിഎല്ലിനും പൂട്ടിട്ടു
ഒമ്പത് ടെസ്റ്റുകളിൽ നിന്ന് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യക്ക് 48.15 ശതമാനം പോയിന്റ് മാത്രമാണുള്ളത്. ഇതോടെ പോയിന്റ് പട്ടികയിൽ പാകിസ്ഥാനും പിന്നിലായി ആറാം സ്ഥാനത്താണ് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ബെർത്ത് ഉറപ്പാക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യക്ക് കൂറ്റൻ ജയങ്ങൾ അനിവാര്യമാണ്.






