തമിഴകത്ത് വൻ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത, 2026 മുൻനിർത്തി അണിയറയിൽ വിജയ് നടത്തുന്നത് തന്ത്രപരമായ നീക്കങ്ങൾ

തമിഴകത്ത് വൻ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത, 2026 മുൻനിർത്തി അണിയറയിൽ വിജയ് നടത്തുന്നത് തന്ത്രപരമായ നീക്കങ്ങൾ

ലോക്‌സഭ തിരഞ്ഞെടുപ്പു വിജയത്തെ കുറിച്ച് ഒരു സംശയവും ഇല്ലാത്ത രാജ്യത്തെ ഏക പാര്‍ട്ടിയാണ് ഡി.എം.കെ. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളില്‍ ഒരെണ്ണമൊഴികെ മറ്റെല്ലാ സീറ്റുകളിലും വിജയിച്ചിരുന്നതും ഡി.എം.കെ സഖ്യമായിരുന്നു. ഡി.എം.കെയ്ക്കു പുറമെ കോണ്‍ഗ്രസ്സ്, സി.പി.എം, സി.പി.ഐ, മുസ്ലിംലീഗ് പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യമാണിത്. കഴിഞ്ഞ തവണ അണ്ണാ ഡി.എം.കെ വിജയിച്ച ഏക സീറ്റുള്‍പ്പെടെ മുഴുവന്‍ സീറ്റുകളും അണ്ണാ ഡി.എം.കെയിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ഈ സഖ്യത്തിനുള്ളത്. ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയ അട്ടിമറിക്ക് അവര്‍ സാധ്യത കാണുന്ന ഏക മണ്ഡലം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂര്‍ മാത്രമാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പു ഫലത്തില്‍ സംശയം ഇല്ലങ്കിലും 2026-ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവമായാണ് ഡി.എം.കെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നോക്കി കാണുന്നത്. അതിന് പ്രധാന കാരണം നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം എന്ന ടി.വി.കെയുടെ രൂപീകരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടി പ്രധാന എതിരിയായി വരുമെന്നതാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഉറക്കം കെടുത്തുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തമായ വളക്കൂറുള്ള തമിഴകത്ത് ബി.ജെ.പിക്ക് വളര്‍ച്ച ഒരു പരിധിക്ക് അപ്പുറം പ്രയാസമാണെന്ന് വിലയിരുത്തുന്ന ഡി.എം.കെ പക്ഷേ നടന്‍ വിജയ് യുടെ പാര്‍ട്ടിയെ അങ്ങനെയല്ല വിലയിരുത്തുന്നത്. ദളപതിയ്ക്ക് തമിഴകത്തുള്ള വലിയ സ്വാധീനം തന്നെയാണ് ഇതിനു കാരണം. ഇന്ന് തമിഴകത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള വ്യക്തിയാണ് വിജയ്. ഈ ജനപിന്തുണ വോട്ടായി മാറിയാല്‍ വിജയ് തമിഴകത്തിന്റെ രാഷ്ട്രീയമാണ് പൊളിച്ചെഴുതുക. ഈ വെല്ലുവിളി മനസ്സിലാക്കുന്ന ഡി.എം.കെ നേതൃത്വം വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ മുന്നണിയിലേക്ക് സ്വന്തം ഘടക കക്ഷികള്‍ പോകാതിരിക്കാനുള്ള ജാഗ്രതയിലാണ് ഇപ്പോഴുള്ളത്.

സി.പി.എം സിറ്റിംഗ് സീറ്റായ കോയമ്പത്തൂര്‍ ഡി.എം.കെ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായപ്പോള്‍ പകരം വിട്ടു നല്‍കിയിരിക്കുന്നത് ഡി.എം.കെയുടെ ഉരുക്ക് കോട്ടയായ ഡിണ്ടിഗലാണ്. ഇവിടെ ഇതിനകം തന്നെ സി.പി.എം വിജയം ഉറപ്പിച്ചിട്ടുമുണ്ട്. ഇതിനു പുറമെ മധുരയിലും സി.പി.എം മത്സരിച്ചിട്ടുണ്ട്. മറ്റൊരു കമ്യൂണിസ്റ്റു പാര്‍ട്ടിയായ സി.പി.ഐ നാഗപ്പട്ടണത്തും തിരുപ്പൂരുമാണ് ജനവിധി തേടുന്നത്. തമിഴ്‌നാട്ടില്‍ താരതമ്യേന ചെറിയ പാര്‍ട്ടികള്‍ ആണെങ്കിലും ശക്തമായ കേഡര്‍മാരും പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും തൊഴിലിടങ്ങളിലും വലിയ സ്വാധീനവും ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും തമിഴകത്തുണ്ട്. പ്രക്ഷോഭ രംഗത്തും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിലും ഈ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായക പങ്കാണ് ഉള്ളത്. ഇതു തിരിച്ചറിഞ്ഞു തന്നെയാണ് ഡി.എം.കെയും വലിയ പരിഗണന കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയുണ്ടാക്കുന്നുണ്ട് എന്നതാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും വിലയിരുത്തുന്നത്. ലോക കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിനോടുള്ള ആരാധനയെ തുടര്‍ന്നാണ് സാക്ഷാല്‍ കരുന്നാനിധി പോലും മകന് സ്റ്റാലിന്‍ എന്നു പേരിട്ടിരിക്കുന്നത്. ”താനും കമ്യൂണിസ്റ്റുകളും തമ്മിലുള്ള ബന്ധത്തിന് തന്റെ പേര് തന്നെയാണ് ഉത്തരമെന്നാണ് ‘ എം.കെ സ്റ്റാലിനും പരസ്യമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ഡി.എം.കെയെ ഒരു കേഡര്‍ പാര്‍ട്ടിയാക്കാന്‍ കരുണാനിധിയെ പ്രേരിപ്പിച്ചതും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംഘടനാ രീതിയില്‍ ആകൃഷ്ടനായാണ്. കമ്യൂണിസ്റ്റു നേതാക്കളെ പോലെ തന്നെ മരണംവരെ നിരീശ്വരവാദിയായിരുന്ന നേതാവ് കൂടിയായിരുന്നു കലൈഞ്ജര്‍ കരുന്നാനിധി.

കരുണാനിധിയുടെ വേര്‍പാടോടെ ഡി.എം.കെ തലപ്പത്ത് എത്തിയ എം.കെ സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനത്ത് തന്റെ പിന്‍ഗാമിയായി കാണുന്നത് മകന്‍ ഉദയനിധി സ്റ്റാലിനെയാണ്. കരുണാനിധി സ്റ്റാലിനെ പാര്‍ട്ടി നേതൃതലത്തില്‍ കൊണ്ടു വന്നത് കാലതാമസം എടുത്തായിരുന്നെങ്കില്‍ സ്റ്റാലിന്‍ ഉദയനിധിയെ കളത്തില്‍ ഇറക്കിയത് വളരെ പെട്ടന്നാണ്. ആദ്യമത്സരത്തില്‍ തന്നെ എം.എല്‍.എ ആവാനും മന്ത്രിയാകാനും ഉദയനിധിക്ക് കഴിഞ്ഞതും അതു കൊണ്ടാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ മുന്നണിയെ ഇനി നയിക്കാന്‍ പോകുന്നതും ഉദയനിധി ആയിരിക്കും. മറുപുറത്ത് അണ്ണാ ഡി.എം.കെയ്ക്ക് പകരം പ്രധാന എതിരാളിയായി വരാന്‍ പോകുന്നതാകട്ടെ ദളപതി വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെയും ആയിരിക്കും. ബി.ജെ.പി ദേശീയ നേതൃത്വം സകല സംവിധാനവും ഒരുക്കി രംഗത്തിറങ്ങുന്ന തിരഞ്ഞെടുപ്പ് ആയതിനാല്‍ 2026-ല്‍ ഫല പ്രവചനവും അസാധ്യമാണ്. യഥാര്‍ത്ഥത്തില്‍ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പല്ല 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റാന്‍ പോകുന്നത്.

മൂന്നാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ തമിഴ്‌നാട് ഭരണം പിടിക്കാനുള്ള അവരുടെ നീക്കങ്ങള്‍ക്കാണ് വേഗതയേറുക. അത്തരം ഒരു സാഹചര്യത്തില്‍ ഒറ്റ തിരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുക. അങ്ങനെ വന്നാല്‍ 2026-ല്‍ തമിഴ്‌നാട്ടിലും കേരളത്തിലും ആര് അധികാരത്തില്‍ വന്നാലും 2029-ല്‍ പൊതു തിരഞ്ഞെടുപ്പിനെ നേരിടേണ്ട സാഹചര്യമാണ് ഉണ്ടാകുക. അതായത് ബി.ജെ.പിക്ക് മൂന്നാം ഊഴം ലഭിച്ചാല്‍ ഇനി വരുന്ന കേരള – തമിഴ്‌നാട് സര്‍ക്കാറുകള്‍ക്കും മൂന്നുവര്‍ഷം മാത്രമാണ് കാലാവധിയുണ്ടാകുക. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഗതി തന്നെ മാറ്റുന്ന ഈ നിയമം നടപ്പാക്കാന്‍ വലിയ ഭൂരിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളിലും ആവശ്യമാണ്. അത് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്ക് ലഭിക്കാതിരിക്കാന്‍ കൂടിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍…ഇന്ത്യാ സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്. 39 ലോകസഭ അംഗങ്ങളെയും 18 രാജ്യസഭ അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന തമിഴകത്ത് ദളപതി വിജയ് യുടെ ടി.വി.കെയെ ഒപ്പം കൂട്ടാന്‍ സകലശ്രമങ്ങളും ബി.ജെ.പി നടത്താന്‍ സാധ്യതയുണ്ട്. ദളപതിയെ മുന്‍ നിര്‍ത്തി തമിഴക ഭരണം പിടിക്കുക എന്നതാണ് മോദിയുടെ താല്‍പ്പര്യമെങ്കിലും വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഖ്യമാകാന്‍ പറ്റുമോ എന്നതാണ് ബി.ജെ.പി ഇനി ശ്രമിക്കുക. ഇക്കാര്യത്തില്‍ വിജയ് സ്വീകരിക്കുന്ന നിലപാടായിരിക്കും ഏറെ നിര്‍ണ്ണായകമാവുക.

വ്യക്തിപരമായി മോദിയുമായും രാഹുല്‍ ഗാന്ധിയുമായും നല്ല ബന്ധമാണ് ദളപതിക്കുള്ളത്. അതേസമയം… തന്റെ സിനിമയിലൂടെ മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ചരിത്രവും ദളപതിക്കുണ്ട്. ഇതിനെതിരെ രംഗത്തു വന്ന ബി.ജെ.പി നേതാക്കള്‍ ‘ജോസഫ് വിജയ് ‘ എന്ന് വിളിച്ചാണ് ദളപതി യ്ക്ക് മറുപടി നല്‍കിയിരുന്നത്. ഇങ്ങനെ ദളപതിയെ പ്രകോപിപ്പിച്ച ബി.ജെ.പി നേതാക്കളെയെല്ലാം മാറ്റി നിര്‍ത്തിയാണ് അണ്ണാമലൈ എന്ന മുന്‍ ഐ.പി.എസുകാരനെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി കേന്ദ്രനേതൃത്വം ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. അണ്ണാമലൈ ആകട്ടെ ദളപതിയെ പ്രകോപിപ്പിക്കുന്ന ഒരുനിലപാടും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. ഇത് ബി.ജെ.പിയുടെ പുതിയ സ്ട്രാറ്റര്‍ജിയായാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ എം.പിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് എന്നതിനാല്‍ തമിഴ്‌നാട്ടില്‍ സ്വാധീനം ഉറപ്പിക്കുക എന്നത് ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമാണ്. അണ്ണാമലൈയുടെ പദയാത്ര വന്‍ വിജയമാണെന്ന് വിലയിരുത്തുന്ന ബി.ജെ.പി ദേശീയ നേതൃത്വം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 3സീറ്റുകള്‍ വരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. അതിനും അപ്പുറം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കണമെങ്കില്‍ ഒരു മാസ് ലീഡറോ ജനസ്വാധീനമുള്ള പാര്‍ട്ടിയോ ഒപ്പം വേണമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. അവിടെയാണ് മുന്‍ വൈരാഗ്യം മറന്ന് ദളപതിയുമായി ഒരു യോജിപ്പിനുള്ള സാധ്യത ബി.ജെ.പി നേതൃത്വം തേടുന്നത്.

ബി.ജെ.പിയുമായി ഒരു രാഷ്ട്രീയ സഖ്യത്തിന് വിജയ് തല്‍ക്കാലം തയ്യാറായില്ലങ്കില്‍ പോലും ടി.വി.കെയുടെ രംഗപ്രവേശം ഡി.എം.കെയുടെ വോട്ടുകള്‍ ചോര്‍ത്തി കളയുന്നത് ആത്യന്തികമായി ബി.ജെ.പിയ്ക്കും നേട്ടമാകുമെന്ന കണക്ക് കൂട്ടലും ബി.ജെ പി ദേശീയ നേതൃത്വത്തിനുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അണ്ണാ ഡി.എം.കെയില്‍ നിന്നും മറ്റും നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നല്ലൊരു വിഭാഗം… ടി.വി.കെയില്‍ ചേരുമെന്ന അഭ്യൂഹവും തമിഴകത്ത് ശക്തമാണ്. അണ്ണാ ഡി.എം.കെയുടെ മരണമണിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുഴങ്ങാന്‍ പോകുന്നതെന്നാണ് ഒരുവിഭാഗം രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. വിദ്യാര്‍ത്ഥികളും യുവാക്കളും സ്ത്രീകളുമാണ് ദളപതിയുടെ ടി.വി കെയുടെ പ്രധാന ശക്തി. ഇതാകട്ടെ പല ലക്ഷങ്ങള്‍ വരും. ഈ കരുത്ത് തരംഗമായി പടര്‍ന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ഡി.എം.കെ മുന്നണിയ്ക്കും വലിയ ബുദ്ധിമുട്ടാകും. ഡി.എം.കെ ഘടകകക്ഷികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസ്സും ഇതുവരെയും ദളപതിയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ലന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങളെ തന്റെ സിനിമകളിലൂടെയും പ്രസംഗത്തിലൂടെയും പിന്തുണച്ച ചരിത്രവും ദളപതിക്കുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം ജൂണ്‍ 22ന് മധുരയില്‍ വച്ച് നടക്കുന്ന മഹാറാലിയിലൂടെ ടി.വി.കെയുടെ ശക്തി പ്രകടനം നടത്താനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ലക്ഷക്കണക്കിന് അനുയായികളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ദളപതി വിജയ് യുടെ പിറന്നാള്‍ ദിനം കൂടിയാണ് ജൂണ്‍ 22 എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്. ദളപതിയും ടി.വി.കെയും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയതോടെ പ്രതിരോധിക്കാന്‍ മറു തന്ത്രങ്ങളുമായി ഡി.എം.കെയും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്റ്റാലിന്‍ സര്‍ക്കാറിനെ വിദ്യാര്‍ത്ഥി – യുവജന സമൂഹത്തിനിടയിലും കൂടുതല്‍ സ്വീകാര്യനാക്കുക എന്ന തന്ത്രവും ഇതിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രത്യേക പദ്ധതികള്‍ വിജയ് ഫാന്‍സ് അസോസിയേഷനും ടി.വി.കെയും മുന്‍കൈ എടുത്ത് നടത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതികള്‍ ഡി.എം.കെ സര്‍ക്കാറും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദ പ്രവേശനം പ്രോല്‍സാഹിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആണ്‍കുട്ടികളുടെ ഉന്നതപഠനം ഉറപ്പ് വരുത്തുന്ന തമിഴ് പുതല്‍വന്‍ പദ്ധതി വരുന്ന അധ്യയന വര്‍ഷം ജൂണ്‍ മുതല്‍ നടപ്പാക്കാനാണ് തീരുമാനം. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചതിന് ശേഷം ബിരുദ പഠനത്തിനായി എത്തുന്ന ആണ്‍കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റും വാങ്ങാന്‍ ഈ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപയാണ് നല്‍കുക. ഏകദേശം 3 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പുതുമൈ പെണ്‍ പദ്ധതിയും ഇതേ പാതയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കിവരുന്നുണ്ട്. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ‘കല്ലൂരി കനവ്’ പദ്ധതിക്കും തമിഴകത്ത് തുടക്കമായിട്ടുണ്ട്.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന അഭൂഹങ്ങള്‍ പടര്‍ന്ന ഘട്ടത്തില്‍ തന്നെയാണ പുതിയ ജനകിയപദ്ധതികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടന്നിരുന്നത്. ടി.വി.കെ എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വിജയ് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഗ്രാമങ്ങള്‍ തോറും വിജയ് മക്കള്‍ ഇയക്കം നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങളും പുതിയ പദ്ധതികളും വന്‍ ജനശ്രദ്ധയാണ് പിടിച്ചു പറ്റിയിരുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പു തന്നെ ഇങ്ങനെയൊക്കെ ചെയ്യാന്‍ ദളപതിക്ക് കഴിയുമെങ്കില്‍ അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രിയായില്‍ എന്തൊക്കെ ചെയ്യുമെന്ന ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാറും നിര്‍ബന്ധിതമായിരുന്നത്. ഈ മാറ്റങ്ങളെ ജനങ്ങള്‍ ഏത് രൂപത്തിലാണ് സ്വീകരിക്കുക എന്നതു മാത്രമാണ് ഇനി കണ്ടറിയേണ്ടത്.
അണ്ണാ ഡി.എം.കെ ദുര്‍ബലമായതോടെ വലിയ ഒരു സ്‌പെയ്‌സ് ആണ് തമിഴക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്. അവിടെ ദളപതിയുടെ ടി.വി.കെ വന്നാല്‍ അത് ഡി.എം.കെയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരിക്കും. ഡി.എം.കെയെ വീഴ്ത്തി തമിഴകത്തിന്റെ ഭരണം പിടിച്ച എം.ജി.ആറും ജയലളിതയും വന്ന… അതേ പാതയിലൂടെ തന്നെയാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി ദളപതിയും ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അതുകൊണ്ടു തന്നെ തമിഴകത്ത് വീണ്ടും ചരിത്രം ആവര്‍ത്തിച്ചാലും അത്ഭുതപ്പെടാനില്ല.

EXPRESS KERALA VIEW

Top