വിദേശ നാണ്യ വിനിമയ രംഗത്ത് വൻ മാറ്റം; എഫ്.എഫ്.എം.സി ലൈസൻസുകൾ ആർ.ബി.ഐ നിർത്തലാക്കുന്നു?

പുതിയ നിയമപ്രകാരം എഫ്.എഫ്.എം.സികൾക്ക് പുതിയ ഫ്രാഞ്ചൈസി കരാറുകളിൽ ഏർപ്പെടാൻ സാധിക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള ശൃംഖലകൾ രണ്ട് വർഷത്തിനുള്ളിൽ നിർത്തലാക്കുകയും വേണം

വിദേശ നാണ്യ വിനിമയ രംഗത്ത് വൻ മാറ്റം; എഫ്.എഫ്.എം.സി ലൈസൻസുകൾ ആർ.ബി.ഐ നിർത്തലാക്കുന്നു?
വിദേശ നാണ്യ വിനിമയ രംഗത്ത് വൻ മാറ്റം; എഫ്.എഫ്.എം.സി ലൈസൻസുകൾ ആർ.ബി.ഐ നിർത്തലാക്കുന്നു?

ന്ത്യയിലെ വിദേശ നാണ്യ വിനിമയ വിപണിയിൽ ദീർഘകാലമായി നിലനിന്നിരുന്ന ഫുൾ ഫ്ലെഡ്ജ് മണി ചേഞ്ചേഴ്സ് ലൈസൻസുകൾ ഇനിമുതൽ നൽകേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. പകരം, അംഗീകൃത ഡീലർമാർ (ബാങ്കുകൾ) നിയമിക്കുന്ന ‘ഫോറെക്സ് കറസ്‌പോണ്ടന്റ്സ്’ എന്ന പുതിയ വിഭാഗം ഇടനിലക്കാരെ വിപണിയിൽ അവതരിപ്പിക്കും. പുതിയ നിയമപ്രകാരം എഫ്.എഫ്.എം.സികൾക്ക് പുതിയ ഫ്രാഞ്ചൈസി കരാറുകളിൽ ഏർപ്പെടാൻ സാധിക്കില്ലെന്നു മാത്രമല്ല, നിലവിലുള്ള ശൃംഖലകൾ രണ്ട് വർഷത്തിനുള്ളിൽ നിർത്തലാക്കുകയും വേണം. ബാങ്കുകൾക്ക് കീഴിൽ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഈ ഫോറെക്സ് കറസ്‌പോണ്ടന്റുകൾക്ക് വിദേശ കറൻസി നോട്ടുകളും ട്രാവലേഴ്സ് ചെക്കുകളും വാങ്ങാനും വിൽക്കാനും അനുമതിയുണ്ടാകും.

വിനിമയ രംഗത്തെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി മൂന്ന് തരം അംഗീകാരങ്ങളാണ് പുതിയ ചട്ടക്കൂടിൽ ആർ.ബി.ഐ വിഭാവനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് എ.ഡി കാറ്റഗറി-I ലൈസൻസുകൾ ബാങ്കുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, 10 കോടി രൂപ ആസ്തിയുള്ള സ്ഥാപനങ്ങൾക്ക് എ.ഡി കാറ്റഗറി-II ലൈസൻസിന് അപേക്ഷിക്കാം. ഇവർക്ക് 25 ലക്ഷം രൂപ വരെയുള്ള വിദേശ വ്യാപാര ഇടപാടുകൾ കൈകാര്യം ചെയ്യാൻ സാധിക്കും. കൂടാതെ, രണ്ട് കോടി രൂപ ആസ്തിയുള്ള സ്ഥാപനങ്ങൾക്കായി എ.ഡി കാറ്റഗറി-III എന്ന പുതിയ വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. ഈ പരിഷ്കാരങ്ങളിലൂടെ വിദേശ നാണ്യ വിനിമയ രംഗത്തെ പ്രവേശന തടസ്സങ്ങൾ നീക്കാനും കൂടുതൽ സുതാര്യമായ ഇടപാടുകൾ ഉറപ്പാക്കാനുമാണ് കേന്ദ്ര ബാങ്ക് ലക്ഷ്യമിടുന്നത്.

Share Email
Top