ഒൻപത്, പത്ത് ക്ലാസുകളിലെ ഭാഷാ പഠനത്തിൽ ചരിത്രപരമായ പരിഷ്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ . വരുന്ന ജൂലൈ 1 മുതൽ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മൂന്ന് ഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന് ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. എന്നാൽ, വിദ്യാർത്ഥികൾക്ക് ആശ്വാസമായി ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകളായിരിക്കണം. വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മൂന്നാം ഭാഷയായി അത് തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നാലാമതൊരു അധിക വിഷയമായി വിദേശ ഭാഷ പഠിക്കാവുന്നതാണ്. മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയുടെ സമ്മർദ്ദമുണ്ടാകില്ല. പത്താം ക്ലാസിലെ ഈ ഭാഷയുടെ മൂല്യനിർണ്ണയം പൂർണ്ണമായും സ്കൂൾ തലത്തിൽ മാത്രമായിരിക്കും നടത്തുക. മൂന്നാം ഭാഷയുടെ മാർക്കുകൾ ഫൈനൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുമെങ്കിലും, ഈ വിഷയത്തിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും പത്താം ക്ലാസ് വിജയം നഷ്ടമാകില്ല. നിലവിലെ അധ്യയന വർഷം ഇതിനകം ആരംഭിച്ചതിനാൽ, സ്കൂളുകൾക്കും കുട്ടികൾക്കും പുതിയ രീതിയുമായി പൊരുത്തപ്പെടാൻ ആവശ്യമായ സമയം അനുവദിച്ചുകൊണ്ട് വളരെ അയവുള്ള രീതിയിലാണ് സിബിഎസ്ഇ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.





