റിയാദ്: ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലും മദീനയിലും മികച്ച താമസസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി സൗദി ടൂറിസം മന്ത്രാലയം പരിശോധനകളും നടപടികളും കർശനമാക്കി. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് 50,000 റിയാൽ വരെ പിഴ ചുമത്താനും ലൈസൻസ് റദ്ദാക്കാനുമാണ് മന്ത്രാലയത്തിന്റെ തീരുമാനം.
താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി പ്രത്യേക പിഴ പട്ടിക മന്ത്രാലയം പുറത്തിറക്കി. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 1,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴ ഈടാക്കും. ഫൈവ് സ്റ്റാർ ഹോട്ടലുകൾ മുതൽ ലൈസൻസില്ലാത്ത താൽക്കാലിക കേന്ദ്രങ്ങൾ വരെയുള്ളവയെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പിഴ നിശ്ചയിക്കുന്നത്. സ്ഥാപനത്തിന്റെ വലിപ്പമനുസരിച്ച് പിഴ തുകയിൽ 25% മുതൽ 100% വരെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. മൂന്നാം തവണയും തെറ്റ് ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി അടച്ചുപൂട്ടും.
Also Read: ഹജ്ജ് തീർത്ഥാടനത്തിന് പോകാനൊരുങ്ങുകയാണോ? യുഎഇയിലെ അവധി നിയമങ്ങൾ ഇങ്ങനെ; നിബന്ധനകൾ അറിയാം
ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഖഅദ് ഒന്ന് മുതൽ മുഹറം പകുതി വരെ നീണ്ടുനിൽക്കുന്ന ഹജ്ജ് സീസണിലുടനീളം പരിശോധനകൾ തുടരും. ഈ കാലയളവിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക. തീർത്ഥാടകർക്ക് വാഗ്ദാനം ചെയ്ത സേവനങ്ങളും സൗകര്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി മന്ത്രാലയത്തിന്റെ പ്രത്യേക സംഘങ്ങൾ മക്കയിലും മദീനയിലും നിരന്തരം നിരീക്ഷണം നടത്തും.






