ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിൽ ഉത്ഭവിച്ച ബെന്നു എന്ന ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിക്ക് പുറത്ത് ജീവൻ്റെ സാധ്യതകൾ തേടുന്ന ശാസ്ത്രലോകത്തെ അമ്പരപ്പിച്ചിരുന്നു. ഓസിരിസ് റെക്സ് എന്ന ബഹിരാകാശ പേടകമാണ് ഈ വിലയേറിയ സാമ്പിളുകൾ വിജയകരമായി ഭൂമിയിലെത്തിച്ചത്.
ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച ഈ സാമ്പിളുകളിലാണ് “സന്തോഷ ഹോർമോൺ” എന്നറിയപ്പെടുന്ന സെറോടോണിൻ ഉത്പാദിപ്പിക്കുന്നതിന് നിർണായകമായ ഒരു തന്മാത്ര കണ്ടെത്തിയത്. ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡാണ് സാമ്പിളുകളിൽ തിരിച്ചറിഞ്ഞത്. നേരത്തെ കണ്ടെത്തിയ 14 പ്രോട്ടീൻ രൂപീകരണ അമിനോ ആസിഡുകൾക്കൊപ്പം ട്രിപ്റ്റോഫാൻ്റെ നേരിയ സാന്നിധ്യവും ഇപ്പോൾ ബെന്നുവിൻ്റെ സാമ്പിളുകളിൽ സ്ഥിരീകരിച്ചു. ഛിന്നഗ്രഹങ്ങൾ പതിച്ചതിലൂടെയാണ് ഭൂമിയിൽ ജീവൻ്റെ കണികയുണ്ടായത് എന്ന സിദ്ധാന്തത്തിന് കൂടുതൽ പിന്തുണ നൽകുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
Also Read: ഒരേ വീട്ടിൽ ഒന്നിലധികം വൈദ്യുതി കണക്ഷൻ! കെഎസ്ഇബിയുടെ വിശദീകരണം
ഈജിപ്ഷ്യൻ വിശ്വാസത്തിലുള്ള പക്ഷിദേവതയുടെ പേരായ ബെന്നു എന്നാണ് ശാസ്ത്രജ്ഞർ ഈ ഛിന്നഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഒരു വലിയ ഛിന്നഗ്രഹത്തിൽ നിന്നും വേർപ്പെട്ടുപോയ ഒരു ഭാഗമാണ് ബെന്നു എന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ബെന്നുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ സൂചിപ്പിക്കുന്നത്, ജീവനുണ്ട് എന്നതിലുപരി, ജീവൻ നിലനിർത്താൻ കഴിയുന്ന സാഹചര്യങ്ങൾ ഭൂമിയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ്. ഈ കണ്ടെത്തൽ ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷ നൽകുന്നു.






