ടെല്‍ അവീവ്: ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ (IRGC) ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ടെഹ്റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈക്കാര്യം സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 14 ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണിത്. ഇറാന്റെ ആണവ പദ്ധതിയില്‍ പ്രവര്‍ത്തിച്ചവരും ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുമായ ഒമ്പത് ശാസ്ത്രജ്ഞരുടെ പട്ടിക ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു.
ഞായറാഴ്ച മധ്യ, വടക്കന്‍ ഇസ്രയേലിലെ വിവിധയിടങ്ങളില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. 200-ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലില്‍ ആകെ മരണം 13 ആയി. ഇറാനിലെ എണ്ണസംഭരണശാലകള്‍, സൈനിക-ആണവകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ബോംബിട്ടു. ഇറാനില്‍ ഇതുവരെ 128 പേര്‍ കൊല്ലപ്പെട്ടെന്നും 900 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്.