ചീരയുടെ ഗുണങ്ങള്‍

ചീരയുടെ ഗുണങ്ങള്‍

ചീര കഴിക്കാന്‍ ഇഷ്ടപ്പടാത്തവര്‍ വളരെ കുറവായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ചീര പൊതുവെ മലയാളികളുടെ തീന്‍ മേശകളില്‍ ഒരു സ്ഥിരം വിഭവമാണ്. രക്തം കൂട്ടാനും ശരീരത്തില്‍ മതിയായ അളവില്‍ ഇരുമ്പ് എത്താനുമൊക്കെ ചീര കഴിക്കണമെന്ന് നമ്മള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാനും ചീര സഹായിക്കുമെന്ന് പറഞ്ഞാലോ. അത്ഭുതപ്പെടേണ്ട, നാരുകള്‍ കൂടുതല്‍ ഉള്ള കലോറി കുറഞ്ഞ പച്ചക്കറിയാണ് ചീര. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നാന്‍ സഹായിക്കും. അതുവഴി കലോറി ഉപയോഗം കുറയ്ക്കുകയും ചെയ്യും. വയറിലെ കൊഴുപ്പ് കളയാനും ചീര ഉത്തമമാണത്രേ. വിശദമായി അറിയാം വിറ്റാമിന്‍ എ, സി, കെ എന്നിവയാല്‍ സമ്പന്നമാണ് ചീര. ഇതില്‍ ഫോളേറ്റ്, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നു. ചീര മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഉയര്‍ന്ന മെറ്റബോളിസം എന്നതിനര്‍ത്ഥം നിങ്ങളുടെ ശരീരം കലോറി കൂടുതല്‍ കാര്യക്ഷമമായി കത്തിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണ്.

ചീരയിലെ വൈറ്റമിന്‍ സി, ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നു. ഇത് നിങ്ങളുടെ ശരീരം മൊത്തത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. നന്നായി പ്രവര്‍ത്തിക്കുന്ന ശരീരത്തിന് ഭാരം, കൊഴുപ്പ് വിതരണം എന്നിവ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയും. ചീരയില്‍ കലോറി കുറവാണ്. ഒരു കപ്പ് ചീരയില്‍ ഏഴ് ശതമാനം കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.ചീരയില്‍ തൈലക്കോയിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും ആസക്തിയും കുറയ്ക്കും. ഇത് ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും.അതുവഴി മൊത്തത്തിലെ കലോറി ഉപയോഗവും കുറയ്ക്കാന്‍ സഹായിക്കുന്നു.ചീരയിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്ന സ്‌പൈക്കുകള്‍ തടയാനും സഹായിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഡിഎന്‍എയ്ക്കുണ്ടാകുന്ന നാശം തടയാനും ഹൃദയത്തെ സംരക്ഷിക്കാനുമെല്ലാം ചീര ഉത്തമമാണത്രേ. എല്ലുകള്‍ക്ക് ആരോഗ്യമേകാനും, തിമിരം, മക്യുലാര്‍ ഡീജനറേഷന്‍ തുടങ്ങിയ നേത്രരോഗങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാനും ചീര ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഭക്ഷണത്തില്‍ ചീര ഉള്‍പ്പെടുത്തുന്നത് എളുപ്പമാണ്. ഇത് സലാഡുകള്‍, സ്മൂത്തികള്‍, സൂപ്പ്, കറി, തോരന്‍ എന്നിങ്ങനെ പല രീതിയില്‍ കഴിക്കാം. പലവിധത്തില്‍ ചീര തയ്യാറാക്കുന്നത് മടുപ്പ് മാറ്റാനും അതേസമയം ഗുണങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്താനും സാധിക്കും.

Top