ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയര്‍ എന്നത് പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം മാത്രമല്ല, ഫൈബര്‍, അയണ്‍, ഫോളറ്റ്, മംഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, വിറ്റാമിന്‍ ബി 1, മാംഗനീസ് എന്നിവയെല്ലാം ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഉപാപചയം, ദഹനം, പേശികളുടെ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെ വിവിധ ശരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.ചെറുപയറില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഒരു കപ്പ് വേവിച്ച ചെറുപയറില്‍ 14.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാവും. ഉയര്‍ന്ന പ്രോട്ടീനും നാരുകളും ഉള്ളതിനാല്‍ തടി കുറക്കാനുള്ള തീവ്ര പ്രയത്‌നത്തിലാണ് നിങ്ങളെങ്കില്‍ ധൈര്യമായി ചെറുപയര്‍ തിരഞ്ഞെടുക്കാം. ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന അവശ്യ ആന്റിഓക്‌സിഡന്റുകള്‍ ചെറുപയറില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചെറുപയര്‍ മികച്ചതാണ്. പൊട്ടാസ്യം, മഗ്‌നിഷ്യം, ഫൈബര്‍ എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ ദഹനത്തെ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും നല്ലതാണത്രേ. ചെറുപയര്‍ മുളപ്പിച്ച് സാലഡ് ആയോ, കറിയായോ ഒക്കെ ഇവ ഉപയോഗിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും ചെറുപയര്‍ അമിതമായി കഴിക്കുന്നതും നല്ലതല്ല. പ്രത്യേകിച്ച് വേവിക്കാതെയാണ് അവ കഴിക്കുന്നതെങ്കില്‍. വേവിക്കാതെ ചെറുപയര്‍ കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കും. തലകറക്കം, വയറിളക്കം, ഓക്കാനം എന്നിവയും ചിലര്‍ക്ക് അനുഭവപ്പെട്ടേക്കാം. മറ്റ് പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് തടസപ്പെടാനും കാരണമായേക്കും.അതേസമയം ചെറുപയര്‍ മാത്രം കഴിച്ച് തടി കുറക്കാമെന്നൊന്നും കരുതരുത്. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണക്രമവും വ്യായാമവുമൊക്കെ പിന്തുടര്‍ന്നാല്‍ മാത്രമേ ശരീരഭാരം കുറയുകയുള്ളൂ.

Top