അലോവേര ജെല്ലിന്റെ ഗുണങ്ങള്‍

അലോവേര ജെല്ലിന്റെ ഗുണങ്ങള്‍

സൗന്ദര്യത്തിനും ആരോഗ്യത്തിനും കറ്റാര്‍ വാഴ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എത്ര വലിയ സൗന്ദര്യ പ്രശ്‌നവും വീട്ടുമുറ്റത്തെ കറ്റാര്‍വാഴ കൊണ്ട് മാറ്റിയെടുക്കാം. അതുകൊണ്ട് തന്നെ കറ്റാര്‍വാഴയുടെ ഗുണങ്ങള്‍ പണ്ടുകാലം മുതല്‍ തന്നെ പ്രശസ്തമാണ്. എത്ര തന്നെ പരിചിതമാണെങ്കിലും കറ്റാര്‍ വാഴയുടെ ചില ഉപയോഗ രീതികള്‍ പലര്‍ക്കുമറിയില്ല. നിങ്ങളുടെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റുന്നതിനും വിശ്വസിച്ച് ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട 7 ഉപയോഗങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

മുഖത്തിന്റെ ഭംഗി മുഴുവന്‍ ഇല്ലാതാക്കുന്ന ഒന്നാണ് കണ്ണിനടിയിലെ കറുപ്പ് നിറം. എത്ര തിളക്കമുള്ള മുഖമാണെങ്കിലും കണ്ണിന് താഴെ കറുപ്പ് നിറം പടര്‍ന്നാല്‍ മുഖത്തെ പ്രസരിപ്പിനെ തന്നെ ഇല്ലാതാക്കാന്‍ അത് കാരണമാകും. പല ക്രീമുകളും പരീക്ഷിച്ചാലും ഗുണം ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരു പ്രശ്‌നമാണിത്. എന്നാല്‍ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ പാര്‍ശ്വ ഫലങ്ങളില്ലാതെ കണ്ണിനടിയിലെ കറുപ്പ് നീക്കം ചെയ്യാന്‍ കറ്റാര്‍വാഴ സഹായിക്കും. അതിനായി രാത്രി കിടക്കുന്നതിന് മുന്പായി കറ്റാര്‍ വാഴ ജെല്‍ എടുത്ത് കണ്ണുകള്‍ക്ക് താഴെ പുരട്ടുക. രാതി മുഴുവന്‍ ഇത് ചര്‍മത്തില്‍ തന്നെയിരിക്കട്ടെ. രാവിലെ പൂര്‍ണമായി കഴുകി കളയാം. പതിവായി ഇതൊന്നു ചെയ്ത് നോക്കൂ, കുറച്ച് ദിവസങ്ങള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെടും. കണ്ണുകള്‍ക്ക് താഴെയുള്ള ഇരുണ്ട നിറം അകറ്റി മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കാന്‍ ഇത് സഹായിക്കും. കണ്ണുകള്‍ക്ക് താഴെ മാത്രമല്ല, മുഖത്ത് മുഴുവനായി ഉപയോഗിക്കുന്നത് ചര്‍മ സുഷിരങ്ങളില്‍ ജലാംശം നിലനില്‍ക്കുന്നതിനും ആന്റി ഒക്‌സിടന്റുകള്‍ നല്‍കി പരിപോഷിപ്പിക്കുന്നതിനും സഹായിക്കും.

ചര്‍മത്തിന് തിളക്കം നല്‍കുന്നത് ആരോഗ്യത്തോടെയുള്ള ചര്‍മ കോശങ്ങളാണ്. വിറ്റാമിന്‍ A, C,E തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ. അമിതമായി വെയിലെല്‍ക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ കോശങ്ങള്‍ നിര്ജീവമാകും. ഈ പ്രശ്‌നം ഒരു പരിധി വരെ തടയാനും സാധിക്കും. മേക്കപ്പ് ചെയ്യുന്നതിനായി പലവിധ സൗന്ദര്യ വാര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഏറ്റവും ആദ്യം മുഖത്ത് പുരട്ടേണ്ടത് പ്രൈമര്‍ ആണ് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ കറ്റാര്‍വാഴ ജെല്‍ ഒരു മികച്ച പ്രൈമര്‍ ആണെന്ന് നിങ്ങള്‍ക്കറിയാമോ? അതെ, മുഖത്തെ ചര്‍മ സുഷിരങ്ങളെ ജലാംശത്തോടെ നിലനിര്‍ത്തി ചര്‍മത്തെ കൂടുതല്‍ മൃദുലമായി തോന്നിക്കാനും ചര്‍മത്തിലെ ഓപ്പണ്‍ പോര്‍സ് മേക്കപ്പിന് മുകളിലൂടെ തെളിഞ്ഞു കാണാതിരിക്കാനും ഇത് സഹായിക്കും. മാത്രമല്ല, സൗന്ദര്യ വാര്‍ധക വസ്തുക്കള്‍ ചര്‍മ സുഷിരങ്ങളില്‍ അടിഞ്ഞുകൂടതിരിക്കാനും ഇത് സഹായിക്കും. അതിനാല്‍ ഇനിമുതല്‍ ഫൗണ്ടേഷന്‍ അല്ലെങ്കില്‍ മറ്റ് ക്രീമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ കറ്റാര്‍ വാഴ ജെല്‍ മികച്ച പ്രൈമര്‍ ആയി ഉപയോഗിച്ചോളൂ.

മികച്ച ആഫ്റ്റര്‍ ഷേവ് ആയി ഉപയോഗിക്കാവുന്ന ഒന്നാണ് കറ്റാര്‍വാഴ ജെല്‍. ഷേവ് ചെയ്ത ശേഷമോ അല്ലെങ്കില്‍ വക്‌സിംഗ് നടത്തിയ ശേഷമോ ചര്‍മത്തില്‍ കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നത് മികച്ച രീതിയാണ്. ഷേവിങ്ങിന് ശേഷം ചര്‍മത്തില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍, നീറ്റല്‍ എന്നിവയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. കറ്റാര്‍ വാഴയില്‍ ആന്റി ബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് പ്രോപ്പര്‍ട്ടികള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ചെറിയ പോറലുകള്‍ എല്ലാം തന്നെ പെട്ടെന്ന് ഉണങ്ങുന്നതിന് ഇത് സഹായിക്കുന്നു. നിങ്ങളുടെ മുടി സ്‌റ്റൈല്‍ ചെയ്യാനായി ഏതെങ്കിലും സിറം ഉപയോഗിക്കുന്നതിന് മുന്‍പ് കറ്റാര്‍വാഴ ജെല്‍ ഉപയോഗിച്ചു നോക്കൂ. മുടിയിഴകള്‍ തമ്മില്‍ പിണഞ്ഞു കിടക്കാതിരിക്കാനും ഭംഗിയായി നില്‍ക്കാനും ഇത് സഹായിക്കും. ശിരോചര്‍മത്തിലും മുടിയിഴകളിലും മുഴുവനായി കറ്റാര്‍വാഴ ജെല്‍ പുരട്ടി നോക്കൂ. നല്ല തിളക്കത്തോട് കൂടി തന്നെ മുടിയിഴകള്‍ മനോഹരമായി നില്‍ക്കുന്നത് കാണാം. ഏറ്റവും മികച്ചതും എന്നാല്‍ നേര്‍ത്തതുമായ ഫേസ് മാസ്‌കാണ് കറ്റാര്‍വാഴ ജെല്‍. ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മോയിസ്ച്ചറൈസറായും ഇത് ഉപയോഗിക്കാം. ചര്‍മത്തില്‍ പാടുകള്‍ വീഴുന്നതും അക്‌നെ വരുന്നതും തടയാന്‍ കറ്റാര്‍ വാഴ ജെല്‍ വളരെയധികം സഹായിക്കും. എല്ലാ ദിവസവും കുളി കഴിഞ്ഞ ശേഷം ചര്‍മത്തില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടി നോക്കൂ, വ്യത്യാസം തിരിച്ചറിയാം.

ഷാംപൂ ഉപയോഗിച്ചാണ് മിക്കവരും മുടി കഴുകുന്നത്. എന്നാല്‍ ശേഷം കണ്ടിഷണര്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. ഷാംപൂ ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങള്‍ ഇല്ലാതാക്കി മുടി മനോഹരമാകണമെങ്കില്‍ മികച്ച ഹെയര്‍ കണ്ടിഷനര്‍ ആയി കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കാം. 10 മിനിറ്റ് നേരം മുടിയില്‍ നിര്‍ത്തിയ ശേഷം ഇത് കഴുകി കളയാം. ആവശ്യമെങ്കില്‍ ഇതിനോടൊപ്പം വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവയും കലര്‍ത്തി ഉപയോഗിക്കാം

Top