ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും ഹൂതികള്‍ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ യെമനില്‍ മാരകവും അതിശക്തവുമായ ആക്രമണം നടത്തുമെന്ന് കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള സമുദ്ര ഗതാഗതത്തിന്റെ ഏകദേശം 12 ശതമാനം ചെങ്കടല്‍ വഴിയുള്ള വാണിജ്യ പാതയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ ഇറാന്റെ ‘പ്രതിരോധ ആണിക്കല്ലായ ഹൂതികള്‍, ഗാസ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാണിജ്യത്തിന് തടസ്സം സൃഷ്ടിച്ചുവരികയാണ്. പശ്ചിമേഷ്യ താല്‍ക്കാലികമായെങ്കിലും ശാന്തമായെന്ന് തോന്നിച്ച ശേഷം പെടുന്നനെയുള്ള ഇസ്രയേലിന്റെ പ്രകോപനം വാണിജ്യ മേഖലയില്‍ ഏതുതരത്തില്‍ ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ കണ്ടറിയേണ്ടതുണ്ട്.
Also Read: യൂറോപ്പിനെ കാക്കാന്‍ അമേരിക്കയില്ല, നാലാമത്തെ ആണവ വ്യോമതാവളം തുറന്ന് ഫ്രാന്‍സ്
ജോ ബൈഡന്‍ ഭരണകൂടത്തെ അപേക്ഷിച്ച് ഇസ്രയേലിനോട് പരിധിയില്ലാത്ത വാത്സല്യമാണ് ഡോണള്‍ഡ് ട്രംപിന്. ഇപ്പോഴത്തെ ആക്രമണത്തിന് ട്രംപിന്റെ തുടര്‍ച്ചയായ ആഹ്വാനങ്ങളും പ്രേരകമായിട്ടുണ്ട്. ബാക്കിയുള്ള ബന്ദികളുടെ കാര്യത്തില്‍ ഹമാസില്‍ നിന്ന് അനുകൂല നടപടി ഉണ്ടാകാത്തത് അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം ഇസ്രയേലിന്റെ ആക്രമണം എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് സത്യത്തില്‍ ആശ്വാസം പകരുന്നതാണ്. ഒരുഘട്ടത്തില്‍ 70 ഡോളറിനും താഴെപ്പോയ ക്രൂഡ് വില ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ ഒരു ശതമാനത്തിനടുത്ത് ഉയര്‍ന്നിട്ടുണ്ട്. 60 ഡോളറിലേക്ക് എണ്ണവില താഴ്ന്നേക്കുമെന്ന മുന്നറിയിപ്പിനിടെയാണ് പശ്ചിമേഷ്യ വീണ്ടും പുകയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്താല്‍ ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരത്തിന് വിഘാതമുണ്ടാകും. ഇത് ചരക്കുനീക്കത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം അമേരിക്കയുടെ വ്യോമസേന യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയിരുന്നു.
തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ സ്ഥിരമായി ആക്രമണം നടത്തുന്ന ഹൂതി തീവ്രവാദികളെ പാഠം പഠിപ്പിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ചെങ്കടലിലെ പോരാട്ടം തുടര്‍ന്നാല്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അത് തിരിച്ചടിയാകും. മുമ്പ് പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയിരുന്ന സമയങ്ങളില്‍ എണ്ണവില വലിയ രീതിയില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് എണ്ണവില ഉയര്‍ന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ഛിച്ചതോടെ സ്വര്‍ണ്ണവിലയിലും കാര്യമായ കുതിപ്പ് ഉണ്ടായിട്ടുണ്ട്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും സ്വര്‍ണ്ണ വില ഔണ്‍സിന് 3,000 ഡോളറിനു മുകളില്‍ എത്തിച്ചു, നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് ഒഴുകിയെത്തി.
Also Read: ഹൂതികളുടെ ആയുധ ശേഖരത്തിൽ ആരും വിറക്കും, പിടിച്ച് നിൽക്കുമോ അമേരിക്ക ?
സ്‌പോട്ട് ഗോള്‍ഡ് 0.47 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,015.32 ഡോളറിലെത്തി. ലോകത്തിലെ എണ്ണയുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും മാനദണ്ഡമായ ബ്രെന്റ്, 0.61 ശതമാനം ഉയര്‍ന്ന് ബാരലിന് 71.50 ഡോളറിലെത്തി. അമേരിക്കന്‍ ക്രൂഡ് ഓയില്‍ ട്രാക്ക് ചെയ്യുന്ന വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്, 0.61 ശതമാനം ഉയര്‍ന്ന് ബാരലിന് 67.99 ഡോളറിലെത്തി. ഈ വര്‍ഷം തുടക്കം മുതല്‍ സ്വര്‍ണ വില ഏകദേശം 15 ശതമാനം ഉയര്‍ന്നു. താരിഫ് യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ അമേരിക്കയുടെ വേഗത കുറയ്ക്കുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിച്ചതും ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും കഴിഞ്ഞയാഴ്ച വിപണികളെ പിടിച്ചുലച്ചതുമാണ് ഇതിന് കാരണം.

നേരത്തെ എസ് & പി 500 ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. അമേരിക്കയുടെ ഓഹരി വിപണികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലെത്തി. കഴിഞ്ഞ മാസത്തെ റീട്ടെയില്‍ വില്‍പ്പന ഡാറ്റ രാജ്യത്ത് ഉടനടി മാന്ദ്യം ഉണ്ടാകുമെന്ന ആശങ്കകള്‍ ലഘൂകരിച്ചതോടെ അമേരിക്കയുടെ ഓഹരി സൂചികകള്‍ ഉയര്‍ന്നു. ഇതിനിടെ ഡോണള്‍ഡ് ട്രംപിന്റെ തത്തുല്യ ചുങ്കമേര്‍പ്പെടുത്തല്‍ ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്. നടക്കാനിരിക്കുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ധന നയപ്രഖ്യാപാനത്തിലാണ് ഇപ്പോള്‍ വ്യാപാരികളുടെ ശ്രദ്ധ.