കുവൈത്ത്: റമദാൻ മാസത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ. റമദാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളായ അവസാന പത്തിൽ പള്ളികൾ ജനനിബിഡമാണ്. പതിവ് നമസ്കാരങ്ങൾക്ക് പുറമെ തറാവീഹിനും രാത്രിനമസ്കാരത്തിനും ആയിരങ്ങളാണ് ഓരോ പള്ളികളിലും എത്തുന്നത്. പൂർണമായും പ്രാർഥനകളിൽ മുഴുകി പള്ളികളിൽ ഇഹ്തികാഫ് ഇരിക്കുന്നവരും ഉണ്ട്.
റമദാനിലെ അവസാന നാളുകളിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര് അവസാന പത്തിലാണെന്നാണ് വിശ്വാസം. ഇതിന് ഏറ്റവും സാധ്യത കൽപ്പിക്കുന്ന 27ാം രാവിൽ രാജ്യത്തെ പള്ളികൾ തിങ്ങിനിറഞ്ഞു. ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീറിൽ പതിനായിരങ്ങളാണ് നമസ്കാരത്തിന് എത്തിയത്.
Also Read: റമദാൻ പ്രമാണിച്ച് ജിദ്ദയിലെ സീ ടാക്സി നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു
പള്ളിയുടെ അകവും മുറ്റവും നിറഞ്ഞ് നമസ്കാരത്തിനെത്തിയവരുടെ നിര റോഡുകളിലേക്കും നീണ്ടു. മസ്ജിദ് ബിലാൽ ബിൻ റബാഹിലും രാത്രി നമസ്കാരത്തായി നിരവധി പേർ എത്തി. അതേസമയം റമദാൻ അവസാനത്തിൽ കാരുണ്യ പ്രവര്‍ത്തനങ്ങളും സഹായവിതരണങ്ങളും കൂടുതല്‍ സജീവമായിട്ടുണ്ട്.