വിക്കറ്റിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

വിക്കറ്റിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടായിരുന്നു; പരാജയകാരണം പറഞ്ഞ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരിക്കുയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈ ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ 20 റണ്‍സിന്റെ ജയമാണ് ചെന്നൈ നേടിയത്. മത്സരശേഷം പരാജയകാരണം വിശദീകരിച്ച മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ധോണിയെ ചൂണ്ടിക്കാട്ടി.

പതിരാന പന്തെറിയാന്‍ എത്തിയതോടെയാണ് മത്സരം മാറിയത്. പിന്നീട് ബാറ്റിംഗ് ബുദ്ധിമുട്ടായി മാറി. ഓരോ സമയത്തെയും മികച്ച പ്രകടനമാണ് മത്സരഫലം നിര്‍ണയിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന് അടുത്ത നാല് മത്സരങ്ങള്‍ നിര്‍ണായകമാണ്. മികച്ച ക്രിക്കറ്റ് കളിച്ചാല്‍ ഒരു തിരിച്ചുവരവിന് സാധിക്കുമെന്നും മുംബൈ നായകന്‍ വ്യക്തമാക്കി.

മുംബൈയ്ക്ക് വിജയിക്കാന്‍ കഴിയുന്ന ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. പക്ഷേ ചെന്നൈ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അതിനുള്ള പദ്ധതികള്‍ ചെന്നൈയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നു. അതിന് കാരണം വിക്കറ്റിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണി ഉണ്ടായിരുന്നുവെന്നതാണ്. ഓരോ താരത്തിനും എത്തരത്തിലുള്ള പദ്ധതികള്‍ വേണമെന്ന് ധോണിക്ക് അറിയാമെന്നും ഹാര്‍ദ്ദിക്ക് തുറന്നുസമ്മതിച്ചു.

Top