ചർമ്മത്തിലെ കോശങ്ങളുടെ അസാധാരണമായ വളർച്ച മൂലം ഉണ്ടാകുന്ന സ്കിൻ ക്യാൻസറുകൾ ഇന്ന് വർദ്ധിച്ചുവരികയാണ്. ഇതിൽ ഏറ്റവും ഗൗരവകരമായ ഒന്നാണ് മെലനോമ. ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ ഉൽപാദിപ്പിക്കുന്ന കോശങ്ങളെയാണ് ഈ അർബുദം ബാധിക്കുന്നത്. കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും അൾട്രാവയലറ്റ് രശ്മികളുമായുള്ള ദീർഘനേരത്തെ സമ്പർക്കം കോശങ്ങളുടെ ഡിഎൻഎ നശിപ്പിക്കുന്നത് ഇതിന് ഒരു പ്രധാന കാരണമായി കരുതപ്പെടുന്നു. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗം.
ചർമ്മത്തിൽ പുതുതായി പ്രത്യക്ഷപ്പെടുന്ന പുള്ളികളോ മറുകുകളോ മെലനോമയുടെ പ്രാഥമിക ലക്ഷണമാകാം. നിലവിലുള്ള മറുകുകളുടെ ആകൃതിയിലോ നിറത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ചർമ്മത്തിലെ ചൊറിച്ചിൽ, പുകച്ചിൽ, മുറിവുകളിൽ നിന്നുള്ള രക്തസ്രാവം, വിട്ടുമാറാത്ത മുഖക്കുരു എന്നിവയും ഗൗരവമായി കാണേണ്ടതുണ്ട്. കൈവെള്ളയിലോ നഖങ്ങളിലോ കാൽപാദങ്ങളിലോ ഉണ്ടാകുന്ന അസാധാരണമായ നിറംമാറ്റവും ലക്ഷണങ്ങളാകാം. രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്ന ഘട്ടത്തിൽ വിട്ടുമാറാത്ത ചുമ, അസ്ഥി വേദന, ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക എന്നിവയും അനുഭവപ്പെട്ടേക്കാം.
Also Read: ഹൃദയധമനികൾ ശുദ്ധമാക്കാം; മാതളനാരങ്ങ വെറുമൊരു പഴമല്ല, ഹൃദയത്തിന് അമൃതാണ്!
മെലനോമ മറ്റ് സ്കിൻ ക്യാൻസറുകളെ അപേക്ഷിച്ച് വേഗത്തിൽ ലിംഫ് നോഡുകൾ, ശ്വാസകോശം, കരൾ, തലച്ചോറ് എന്നിവടങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ആദ്യഘട്ടത്തിലുള്ള തിരിച്ചറിയൽ നിർണ്ണായകമാണ്. ചർമ്മത്തിൽ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ശരിയായ ബോധവൽക്കരണവും മുൻകരുതലുകളും വഴി ഈ നിശബ്ദ ശത്രുവിനെ പ്രതിരോധിക്കാൻ സാധിക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






