സമൂഹ മാധ്യമങ്ങളിൽ എന്തും പോസ്റ്റ് ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ നടപടികൾ കർശനമാക്കി. പൊതുസമാധാനത്തിന് വിരുദ്ധമായതോ, ദേശീയ താൽപ്പര്യങ്ങൾക്ക് എതിരായതോ, സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതോ ആയ പോസ്റ്റുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ജനറൽ അതോറിറ്റി ഫോർ മീഡിയ റെഗുലേഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പ്രിൻ്റിങ് ആൻഡ് പബ്ലിഷിങ് നിയമലംഘനങ്ങൾ പരിശോധിക്കുന്ന സമിതി ഒമ്പത് വ്ലോഗർമാർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ഇലക്ട്രോണിക് പബ്ലിഷിങ് ചട്ടങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് ഈ വ്ലോഗർമാർ പ്രചരിപ്പിച്ചതെന്ന് അധികൃതർ കണ്ടെത്തി. പൊതുസമാധാനം, ദേശീയ താൽപ്പര്യം എന്നിവയെ ബാധിക്കുന്നതോ, പ്രകോപനം, വിദ്വേഷം, ഭിന്നത എന്നിവ വളർത്തുന്നതോ ആയ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. നിയമലംഘകർക്ക് പിഴ ചുമത്താനും ഈ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാനും സമിതി ഉത്തരവിട്ടു. മാധ്യമ നിയമങ്ങൾ ലംഘിക്കുന്ന ഏത് ഉള്ളടക്കത്തോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്നും നിയമലംഘകർക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.






