കുവൈത്തിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണ്ടെത്തിയിരിക്കുന്നു. കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്തുകൊണ്ടാണ് തട്ടിപ്പുകാർ പ്രധാനമായും ആളുകളെ വലയിലാക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾക്കും പരസ്യങ്ങൾക്കുമെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും വല വിരിക്കുന്നത്. ഉടൻ ലോൺ ലഭിക്കുമെന്നും ഡൗൺ പേയ്മെന്റ് ആവശ്യമില്ലെന്നും വാഗ്ദാനം ചെയ്യുന്ന ഇവർ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി വ്യാജ പരസ്യങ്ങൾ പോസ്റ്റ് ചെയ്ത് ആളുകളുടെ ശ്രദ്ധ നേടുന്നു. ഈ കെണിയിൽ വീണ് നിരവധി പേർക്ക് ഇതിനകം പണം നഷ്ടമായിട്ടുണ്ട്. രാജ്യത്തെ നിരവധി ബാങ്കുകൾ ഇതിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം ഓൺലൈൻ പ്രൊമോഷനുകൾ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് വിശദാംശങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
Also Read: യുഎഇ 54-ാമത് ദേശീയ ദിനാഘോഷത്തിൽ…! രാജ്യം ഇന്ന് അവധിയിൽ
സംശയം തോന്നുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും സ്ഥിരീകരിക്കാത്ത സ്രോതസ്സുകൾക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ കർശന നിർദേശം നൽകി. ലൈസൻസുള്ള സ്ഥാപനങ്ങൾ വഴിയും ഔദ്യോഗിക ചാനലുകൾ വഴിയും മാത്രമേ നിയമപരമായ സാമ്പത്തിക സേവനങ്ങൾ നൽകുകയുള്ളൂ. അതിനാൽ, മറ്റ് വഴികളിലൂടെ ലഭിക്കുന്ന ആകർഷകമായ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്ന് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.






