വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ

ജയ്പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെ അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.

തേര്‍ഡ് അമ്പയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ വിക്കറ്റെന്ന് വിധിച്ചു. അമ്പയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന് 20 റണ്‍സ് അകലത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. ബോള്‍ വൈഡ് ആണോ അല്ലയോ എന്ന് നോക്കാന്‍ വരെ മിനുറ്റുകളോളം സമയമെടുക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സുപ്രധാന സമയത്തെ ഒരു വിക്കറ്റ് പരിശോധിക്കാനും തീരുമാനമെടുക്കാനും ആവശ്യമായ സമയമെടുത്തില്ല എന്ന പരാതിയും രാജസ്ഥാന്‍ ടീം മത്സരത്തിന് ശേഷം ഉയര്‍ത്തിയിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭവമുണ്ടാകുന്നത്. 46 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും സഹിതം 86 റണ്‍സുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റണ്‍സെന്ന ഡല്‍ഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂര്‍ത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തുവെന്ന സംശയം ഉയര്‍ന്നു. റിപ്ലെകളിലും ബൗണ്ടറി ലൈന്‍ ഇളകുന്നതായി സംശയമുയര്‍ന്നു.

Top