യൂറോപ്യൻ ക്ലാസിക്കോയിൽ റയലിനെ വീഴ്ത്തി ബയേൺ…!

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബയേൺ വിജയം പിടിച്ചെടുത്തത്

യൂറോപ്യൻ ക്ലാസിക്കോയിൽ റയലിനെ വീഴ്ത്തി ബയേൺ…!
യൂറോപ്യൻ ക്ലാസിക്കോയിൽ റയലിനെ വീഴ്ത്തി ബയേൺ…!

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആവേശകരമായ ആദ്യപാദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബയേൺ വിജയം പിടിച്ചെടുത്തത്. റയലിനെതിരായ അവസാന ഒൻപത് മത്സരങ്ങളിൽ വിജയിക്കാനായില്ല എന്ന ചീത്തപ്പേര് തിരുത്തിക്കുറിക്കാനും ഈ ജയത്തോടെ ജർമ്മൻ കരുത്തർക്ക് സാധിച്ചു.

മത്സരത്തിന്റെ 41-ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ബയേണാണ് ആദ്യം വലകുലുക്കിയത്. തൊട്ടുപിന്നാലെ രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങൾക്കകം (46-ാം മിനിറ്റ്) ഹാരി കെയ്ൻ ടീമിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ തോൽവി സമ്മതിക്കാൻ കൂട്ടാക്കാതെ പൊരുതിയ റയൽ മാഡ്രിഡിനായി 74-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെ ഒരു ഗോൾ മടക്കി. എങ്കിലും സമനില ഗോളിനായുള്ള റയലിന്റെ ശ്രമങ്ങൾ ബയേൺ പ്രതിരോധത്തിൽ തട്ടി അവസാനിക്കുകയായിരുന്നു.

മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്പോർട്ടിങ്ങിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആഴ്‌സണൽ കരുത്തുകാട്ടി. കായ് ഹാവെർട്സാണ് ഗണ്ണേഴ്സിനായി വിജയഗോൾ നേടിയത്. ഇതോടെ ആദ്യപാദ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബയേൺ മ്യൂണിക്കും ആഴ്‌സണലും വ്യക്തമായ മുൻതൂക്കത്തോടെ സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. രണ്ടാം പാദ മത്സരങ്ങൾ ഇരുടീമുകൾക്കും നിർണ്ണായകമാകും.

Share Email
Top