ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള നിർണായക മത്സരത്തിൽ തകർത്തടിയോടെ തുടങ്ങി, മധ്യ ഓവറുകളിൽ തകർച്ച നേരിട്ടെങ്കിലും ഒടുവിൽ തകർപ്പൻ ഫിനിഷിംഗിലൂടെ ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന മികച്ച ടോട്ടൽ പടുത്തുയർത്തി. ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിംഗും ചേർന്ന് പഞ്ചാബിന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. മുംബൈ ബൗളർമാരെ കടന്നാക്രമിച്ച ഈ സഖ്യം വെറും 5.3 ഓവറിൽ ടീം സ്കോറിലേക്ക് 50 റൺസ് കൂട്ടിച്ചേർത്തു. പ്രഭ്‌സിമ്രാൻ സിംഗ് 32 പന്തിൽ 4 സിക്സറുകളും 6 ഫോറുകളുമടക്കം 57 റൺസെടുത്ത് ടോപ് സ്കോററായി.
Also Read: മുംബൈ ‘പഞ്ച്’; പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടിയായി പഞ്ചാബിന് തോൽവി
എന്നാൽ മികച്ച തുടക്കത്തിന് ശേഷം മധ്യ ഓവറുകളിൽ പഞ്ചാബ് ബാറ്റിംഗ് നിര പെട്ടെന്ന് തകരുകയായിരുന്നു. ഒരു വശത്ത് പ്രഭ്‌സിമ്രാൻ തകർത്തടിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ ഇന്ത്യൻസ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. പ്രിയാൻഷ് ആര്യ (22 റൺസ്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (4 റൺസ്), ശശാങ്ക് സിംഗ് (2 റൺസ്) എന്നിവർ നിരാശപ്പെടുത്തിയതോടെ പഞ്ചാബ് ഒരു ഘട്ടത്തിൽ വലിയ റൺസ് വരൾച്ചയും വിക്കറ്റ് തകർച്ചയും അഭിമുഖീകരിച്ചു. മുംബൈയ്ക്കായി മൂർച്ചയേറിയ ബൗളിംഗ് പുറത്തെടുത്ത ശാർദൂൽ താക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തി പഞ്ചാബിന്റെ മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ദീപക് ചാഹർ രണ്ട് വിക്കറ്റുകളുമായി ശാർദൂലിന് മികച്ച പിന്തുണ നൽകി.
മധ്യനിര തകർന്നടിഞ്ഞ പഞ്ചാബിനെ തകർച്ചയിൽ നിന്നും രക്ഷിച്ചതും 200 റൺസ് എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്തിച്ചതും അവസാന ഓവറുകളിലെ വാലറ്റത്തിന്റെ പോരാട്ടവീര്യമാണ്. അസ്മത്തുള്ള ഒമർസായി (17 പന്തിൽ 38 റൺസ്), സേവിയർ ബാർട്ട്ലെറ്റ് (7 പന്തിൽ 18 റൺസ്) എന്നിവർക്കൊപ്പം മലയാളി താരം വിഷ്ണു വിനോദിന്റെ തകർപ്പൻ പ്രകടനവും പഞ്ചാബിന് തുണയായി. ഇംപാക്ട് പ്ലെയറായി എത്തിയ വിഷ്ണു വിനോദ് വെറും 8 പന്തിൽ ഒരു ഫോറും സിക്സറുമടക്കം 15 റൺസ് നേടി ഇന്നിങ്സിന് വേഗം കൂട്ടി. അവസാന 3 ഓവറുകളിൽ മാത്രം 53 റൺസാണ് പഞ്ചാബ് ബാറ്റിംഗ് നിര അടിച്ചെടുത്തത്. മുംബൈയുടെ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ വിക്കറ്റൊന്നും നേടാനായില്ലെങ്കിലും 4 ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്ത് നിയന്ത്രണം പാലിച്ചു.






