നടനും സംവിധായകനുമായ ബേസിൽ ജോസഫ് തന്റെ നിർമാണ കമ്പനി ‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആദ്യ നിർമ്മാണ ചിത്രത്തിൽ നായകനായി എത്തുന്നത് നടൻ ടൊവിനോ തോമസ് ആണെന്ന പ്രഖ്യാപനമാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ടൊവിനോയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേസിൽ ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് സിനിമയിൽ എത്തുന്നതെന്ന സൂചനകളുണ്ട്. സൈലം ഫൗണ്ടറായ ഡോ. അനന്തുവും, ബേസിലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ടീസർ ഉടൻ പുറത്തിറങ്ങും.
കഴിഞ്ഞ ദിവസം നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ടുള്ള ബേസിലിന്റെ പോസ്റ്റിന് കീഴിൽ ടൊവിനോ ഇട്ട കമന്റും അതിന് ബേസിൽ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?” എന്നായിരുന്നു ടൊവിനോയുടെ കമന്റ്. അതിന് മറുപടിയുമായി ബേസിൽ എത്തി: “ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം.” അതിന് ടൊവിനോ മറുപടി നൽകി: “ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ.” ഇവരുടെ രസകരമായ കമന്റുകൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
Also Read: ‘ദി ലേറ്റ് കുഞ്ഞപ്പ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസായി
ശ്രദ്ധേയമായ കാര്യം, നേരത്തെ ടൊവിനോ നിർമിച്ച ‘മരണമാസ്’ എന്ന ചിത്രത്തിൽ നായകനായി ബേസിൽ എത്തിയിരുന്നു. ടൊവിനോ തോമസ്, ടിംഗ്സ്റ്റൺ തോമസ്, തൻസീർ സലാം, റാഫേൽ പൊഴോലിപറമ്പിൽ എന്നിവരാണ് ആ ചിത്രം നിർമ്മിച്ചത്. നീരജ് രവി ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചു. ബേസിലിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്മ അനിൽകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു.






