ബാര്‍ കോഴ വിവാദം; ശബ്ദസന്ദേശം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

ബാര്‍ കോഴ വിവാദം; ശബ്ദസന്ദേശം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാര്‍ കോഴയ്ക്കായി പണം പിരിക്കുന്നെന്ന ബാറുടമയുടെ ശബ്ദസന്ദേശം ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. എക്സൈസ് മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറി. പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ആവശ്യം. അന്വേഷണരീതി ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും.

മദ്യനയത്തില്‍ ഇളവിന് പ്രത്യുപകാരമായി കോഴ നല്‍കാന്‍ ബാര്‍ ഉടമകള്‍ പണപ്പിരിവ് നടത്തുന്നുവെന്നാണ് സംഘടനാ നേതാവിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോനാണ് ഓരോ ബാര്‍ ഉടമയും രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബ്ദസന്ദേശം അയച്ചത്.

ഇന്നലെ കൊച്ചിയില്‍ നടന്ന സംഘടനാ യോഗത്തിന് പിന്നാലെയാണ് ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സപ്പ് ഗ്രൂപ്പില്‍ അനിമോന്‍ ഈ ശബ്ദസന്ദേശമിട്ടത്. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് പണപ്പിരിവെന്ന് വിശദീകരിക്കുന്നതിനൊപ്പം സഹകരിച്ചില്ലങ്കില്‍ നാശമെന്ന മുന്നറിയിപ്പുമുണ്ട്.

Top