ബാര്‍ കോഴ വിവാദം; ഇടതുമുന്നണിയില്‍ ആര്‍ക്കും കോഴ ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍

ബാര്‍ കോഴ വിവാദം; ഇടതുമുന്നണിയില്‍ ആര്‍ക്കും കോഴ ആവശ്യമില്ലെന്ന് ഗണേഷ് കുമാര്‍

തൃശൂര്‍: ഇടതു മുന്നണിയില്‍ ആര്‍ക്കും കോഴ ആവശ്യമില്ലെന്ന് ബാര്‍ കോഴ വിവാദത്തില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഇടതുമുന്നണിയുടെ മദ്യനയം നടപ്പാക്കാന്‍ കോഴ നല്‍കേണ്ടതില്ലെന്നും അതിനു വേണ്ടി ആരും പണം പിരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണിയില്‍ ആരും കാശു വാങ്ങില്ല. ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പാക്കുമെന്നും മന്ത്രി വ്യകതമാക്കി.

മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിര്‍ദേശിച്ച് ബാര്‍ ഉടമകളുടെ സംഘടന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനും ഒരാള്‍ നല്‍കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്‍ ശബ്ദ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരമാണ് പിരിവെന്നും ഇടുക്കി ജില്ലാ പ്രസിഡന്റ് വാട്‌സാപ്പ് സന്ദേശത്തില്‍ പറഞ്ഞിരുന്നു.

Top