സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കും. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ ട്രോളിങ് നിരോധനം തുടരും. ട്രോളിങ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അതേസമയം ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധത്തിന് മുന്നേ കേരളതീരം വിട്ടുപോകുന്നുവെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് മഴ കനക്കുന്നതിനിടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് നിര്‍ദേശം. കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലേര്‍ട്ട്. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Top