ലോകത്താദ്യമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഓസ്‌ട്രേലിയയിൽ വിലക്ക് ഏർപ്പെടുത്തി. വിലക്ക് ഡിസംബർ 10 മുതൽ നിലവിൽ വന്നു. നിയമം പ്രാബല്യത്തിൽ വന്നതും ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ്, എക്സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ടിക് ടോക് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ദശലക്ഷക്കണക്കിന് കുട്ടികളുടെ അക്കൗണ്ടുകളാണ് ഒറ്റയടിക്ക് നീക്കം ചെയ്യപ്പെട്ടത്.
ഇനി പുതിയ നിയമം അനുസരിച്ച് , 16 വയസ്സിന് താഴെയുള്ളവരുടെ നിലവിലുള്ള അക്കൗണ്ടുകൾ നീക്കം ചെയ്യാനും പുതിയ രജിസ്‌ട്രേഷനുകൾ തടയാനും പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുണ്ട്. നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് 49.5 ദശലക്ഷം ഡോളർ (ഏകദേശം 418 കോടി രൂപ) വരെ പിഴ ചുമത്തുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് നൽകി. എന്നാൽ കർശനമായ നിയമങ്ങൾക്കിടയിലും കൗമാരക്കാർ ‘ഡിജിറ്റൽ പഴുതുകൾ’ കണ്ടെത്തി വിലക്കിനെ അതിജീവിക്കുന്നുണ്ട്. മാതാപിതാക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചും, പുതിയ ആപ്പുകൾ വഴിയും, ആൾമാറാട്ടം നടത്തിയുമെല്ലാം അവർ വിലക്കിനെ മറികടക്കുന്നു. പ്രായം തെളിയിക്കാനായി മാതാപിതാക്കളുടെ ഫോട്ടോകൾ ഉപയോഗിച്ച് വരെ വീഡിയോകൾ കാണുന്നു. ഫേഷ്യൽ വെരിഫിക്കേഷൻ സിസ്റ്റങ്ങളെ കബളിപ്പിക്കാൻ വിചിത്രമായ മാർഗ്ഗങ്ങൾ വരെ സ്വീകരിക്കുന്നു. നായയുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഒരാൾ വെരിഫിക്കേഷൻ നേടിയതായി റിപോർട്ടുണ്ട്.
Also Read: ശ്രദ്ധക്കുറവിന് കാരണം സോഷ്യൽ മീഡിയയോ? അറിയാം പഠനം പറയുന്നതെന്തെന്ന്!
വിപിഎൻ, വ്യാജ ഐഡികൾ, മുതിർന്ന സഹോദരങ്ങളുടെ സഹായം എന്നിവയും ഉപയോഗിക്കുന്നു. ഇതിനു കാരണം മുഖം തിരിച്ചറിയൽ സംവിധാനങ്ങളിലെ പോരായ്മകൾ കൗമാരക്കാർ മുതലെടുക്കുന്നു. മേക്കപ്പ് ഉപയോഗിച്ച് പ്രായം കൂടുതൽ തോന്നിക്കാൻ ശ്രമിക്കുന്നു. ഫേഷ്യൽ സ്കാനിങ് സാങ്കേതികവിദ്യയിൽ ഒന്ന് മുതൽ മൂന്ന് വർഷം വരെ വ്യത്യാസം വരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു 14 വയസ്സുകാരന് 23 വയസ്സാണെന്ന് സ്‌നാപ്ചാറ്റ് സ്ഥിരീകരിച്ചതായി ഒരു അമ്മ പരാതിപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഈ നിരോധനം ഓസ്‌ട്രേലിയയിലെ കണ്ടന്റ് ക്രിയേറ്റർമാരെ സാരമായി തന്നെ ബാധിച്ചു. വിലക്ക് വന്നതിന് തൊട്ടുപിന്നാലെ ഫോളോവേഴ്‌സിന്റെ എണ്ണത്തിലും കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി. കൗമാരക്കാരായ പ്രേക്ഷകരെ നഷ്ടപ്പെടുന്നത് വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിൽ പലരും ബദൽ പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിയാൻ തുടങ്ങിയിട്ടുണ്ട്.






