ഇന്റർനെറ്റില്ലാത്ത ചാറ്റിന് ഇന്ത്യയിൽ പൂട്ട് ..! ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് ആപ്പ് നീക്കം ചെയ്ത് ആപ്പിൾ

ജൂൺ, ജൂലൈ മാസങ്ങളിൽ ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾ തമ്മിലുള്ള ആശയവിനിമയത്തിന് ബിറ്റ്ചാറ്റ് ഉപയോഗിച്ചെന്ന ആരോപണം ഉയർന്നിരുന്നു

ഇന്റർനെറ്റില്ലാത്ത ചാറ്റിന് ഇന്ത്യയിൽ പൂട്ട് ..! ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് ആപ്പ് നീക്കം ചെയ്ത് ആപ്പിൾ
ഇന്റർനെറ്റില്ലാത്ത ചാറ്റിന് ഇന്ത്യയിൽ പൂട്ട് ..! ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് ആപ്പ് നീക്കം ചെയ്ത് ആപ്പിൾ

ന്യൂഡൽഹി: ഇന്റർനെറ്റോ ഫോൺ നമ്പറോ സെൻട്രൽ സെർവറുകളോ ഇല്ലാതെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്ന ജാക്ക് ഡോർസിയുടെ ബിറ്റ്ചാറ്റ് ആപ്പ് ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പിൾ നീക്കം ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്നാണ് ആപ്പിളിന്റെ അറിയിപ്പ്. ഇന്ത്യയിൽ നിയമവിരുദ്ധമായ ഉള്ളടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നും ആപ്പ് ലഭ്യമാകുന്ന പ്രദേശങ്ങളിലെ നിയമപരമായ ആവശ്യകതകൾ പാലിക്കണമെന്ന ആപ്പ് സ്റ്റോർ മാർഗനിർദേശത്തിലെ അഞ്ചാം വിഭാഗവുമായി ആപ്പ് പൊരുത്തപ്പെടുന്നില്ലെന്നും ആപ്പിൾ വ്യക്തമാക്കി.

ആപ്പിളിന്റെ ആപ്പ് റിവ്യൂ അറിയിപ്പ് ജാക്ക് ഡോർസി ശനിയാഴ്ച എക്സിൽ പങ്കുവച്ചതോടെയാണ് നടപടി പുറത്തറിയുന്നത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 2000ലെ 69എ വകുപ്പ് പ്രകാരമാണ് മന്ത്രാലയം തടയൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ ബിറ്റ്ചാറ്റിലെ ഏത് ഉള്ളടക്കമാണ് നിയമവിരുദ്ധമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. 69എ വകുപ്പിലെ ഏത് പ്രത്യേക ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടില്ല. മറ്റ് രാജ്യങ്ങളിൽ ആപ്പ് തുടർന്നും ലഭ്യമാകുമെങ്കിലും ഇന്ത്യയിൽ ഇതിന്റെ ടെസ്റ്റ്ഫ്ലൈറ്റ് പതിപ്പുകൾ പോലും ഉപയോഗിക്കാനാകില്ലെന്നും ആപ്പിൾ അറിയിച്ചു.

ALSO READ:പാകിസ്താൻ ബന്ധം, ആയുധക്കടത്ത് ആരോപണം..! കർണാടകയിൽ 24കാരൻ അറസ്റ്റിൽ, അന്വേഷണം എൻ.ഐ.എയ്ക്ക്

ഇന്റർനെറ്റിന്റെയോ ഫോൺ നമ്പറിന്റെയോ കേന്ദ്ര സെർവറുകളുടെയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന പിയർ-ടു-പിയർ സന്ദേശമയയ്ക്കൽ സംവിധാനമാണ് ബിറ്റ്ചാറ്റ്. ബ്ലൂടൂത്ത് ലോ എനർജി അടിസ്ഥാനമാക്കിയുള്ള മെഷ് നെറ്റ്‌വർക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആപ്പ് പ്രവർത്തിക്കുന്നത്. ഏകദേശം 30 മുതൽ 100 മീറ്റർ വരെ പരിധിയിലുള്ള ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഇന്റർനെറ്റ് ഇല്ലാതെയും സന്ദേശങ്ങൾ കൈമാറാൻ ഇതിലൂടെ സാധിക്കും.

ജൂൺ, ജൂലൈ മാസങ്ങളിൽ ഡൽഹിയിൽ നടന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധങ്ങൾക്കിടെ വിദ്യാർഥികൾ തമ്മിലുള്ള ആശയവിനിമയത്തിന് ബിറ്റ്ചാറ്റ് ഉപയോഗിച്ചെന്ന ആരോപണം ഉയർന്നിരുന്നു. സമരമേഖലയിൽ ദിവസങ്ങളോളം ഇന്റർനെറ്റ് വിച്ഛേദിച്ച സാഹചര്യത്തിലാണ് ബദൽ സംവിധാനമായി ആപ്പ് ഉപയോഗിച്ചതെന്നാണ് പറയുന്നത്. ഇതിന് പിന്നാലെ ഗിറ്റ്ഹബിലെ ബിറ്റ്ചാറ്റുമായി ബന്ധപ്പെട്ട ലിങ്കുകളിലേക്കുള്ള പ്രവേശനം തടയാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നിർദേശം നൽകിയിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ആപ്പ് സ്റ്റോറിൽനിന്നുള്ള നീക്കം കൂടി വന്നതോടെ ബിറ്റ്ചാറ്റിനെ ചുറ്റിപ്പറ്റിയുള്ള നടപടികൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.

Share Email
Top